കൊച്ചി എയറിലാണ്
ധനുമാസ കുളിരിൽ, പുതപ്പിനടിയിൽ സുഖസുഷുപ്തിയെന്നു കരുതുന്നുണ്ടെങ്കിൽ തെറ്റി. രാത്രി കൊച്ചി ശ്വസിക്കുന്ന വായു ആകെ ശോകമാണ്.
വായു മലിനീകരണത്തിന്റെ കാര്യത്തിൽ നമ്മൾ ഡൽഹിയുടെ വഴിയിലാണ്. കൊച്ചിക്കാരെ, നിങ്ങളറിയുക– നമ്മൾ രാത്രി ശ്വസിക്കുന്ന വായു രോഗങ്ങളുടെ സൂക്ഷിപ്പുകാരനായിട്ടു ആഴ്ചകൾ പിന്നിടുന്നു.
കുറച്ചു കാലമായി രാത്രി കൊച്ചിയുടെ വായു ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്–എക്യുഐ) ‘അനാരോഗ്യം’ (അൺഹെൽത്തി) എന്ന ഗണത്തിലേക്കും ചില ഘട്ടങ്ങളിൽ അതിനു മുകളിലേക്കും കയറുകയാണ്.
കഴിഞ്ഞയാഴ്ച പല ദിവസങ്ങളിലും രാത്രി രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടിരുന്നു. ബ്രഹ്മപുരത്തു മാലിന്യ കൂമ്പാരത്തിനു തീ പടർന്നപ്പോഴുണ്ടായ ഗന്ധം പോലെ.
വാഹന ഗതാഗതം വളരെ കുറഞ്ഞ അർധരാത്രിപോലും ഉയർന്ന തോതിലുള്ള എക്യുഐ കാണിക്കുന്നതു വൻതോതിൽ മറ്റു സ്രോതസ്സുകളിൽനിന്നുള്ള അന്തരീക്ഷ മലിനീകരണമാണെന്ന് ഈ രംഗത്തു പഠനം നടത്തിയ ശാസ്ത്ര എഴുത്തുകാരനായ ഡോ. എ രാജഗോപാൽ കമ്മത്ത് പറയുന്നു.
നഗരത്തിലെ മാലിന്യ സംസ്കരണ കാര്യങ്ങളിൽ വൻ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാലിന്യങ്ങൾക്കു തീയിടുന്നതിലേക്കാണ് അദ്ദേഹം വിരൽചൂണ്ടുന്നത്.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം ഈയിടെ വർധിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
കാൻസർ, പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങൾ, യുവാക്കളിലെ ഉത്സാഹമില്ലായ്മ, കുട്ടികൾക്കുണ്ടാകുന്ന ബൗദ്ധിക വെല്ലുവിളി തുടങ്ങിയ അവസ്ഥകൾക്ക് ഇത്തരത്തിലുള്ള മലിനീകരണം കാരണമാകുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾക്കും ഇതു കാരണമാകുന്നു.
നഗരത്തിലെ മലിനീകരണം സംബന്ധിച്ചു ഹൈക്കോടതിയുൾപ്പെടെ ഒട്ടേറെ ഉത്തരവുകൾ നൽകിയെങ്കിലും അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ വലിയ മാറ്റമുണ്ടായിട്ടില്ല. പ്ലാസ്റ്റിക്, ജൈവമാലിന്യം തുടങ്ങിയവയുടെ സംസ്കരണത്തിനു ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം നടപടികളുണ്ടായിട്ടുണ്ടെങ്കിലും വായുഗുണനിലവാരത്തിന്റെ കാര്യത്തിൽ സ്ഥിതി പഴയതു തന്നെ.
അപകട
മേഖല
∙ വായുഗുണ നിലവാര സൂചിക അനുസരിച്ച് 0–50 എക്യുഐ ആണ് നല്ലത്. (ഗുഡ്).
∙ 51–100: വലിയ കുഴപ്പമില്ല (മോഡറേറ്റ്)
∙ 101–150: അൺഹെൽത്തി.
ഇവിടെ മുതലാണു പ്രശ്നം തുടങ്ങുന്നത്. പ്രത്യേകിച്ചു കുട്ടികൾ, മുതിർന്നവർ, ശ്വാസകോശ/ഹൃദയാരോഗ്യ പ്രശ്നമുളളവർ എന്നിവർക്കു ഭീഷണിയാണ് ഈ വായുഗുണ നിലവാരം. ∙ 151–200: അൺഹെൽത്തി–ഇത് ആരോഗ്യമുള്ളവരെയും മോശമായി ബാധിക്കുന്ന അവസ്ഥയാണ്.
വീടിനു പുറത്തുള്ള ആയാസ പ്രവർത്തങ്ങൾ ഒഴിവാക്കണമെന്നാണു സൂചിക ഈ ഘട്ടത്തിൽ എത്തുമ്പോഴുള്ള നിർദേശം. ∙ 200–300: വെരി അൺഹെൽത്തി–ആരോഗ്യ പ്രശ്നമുള്ള പുറത്തുള്ള പ്രവർത്തനങ്ങൾ കർശനമായി ഒഴിവാക്കണമെന്നു നിർദേശിക്കുന്നു.
കൊച്ചിയിൽ ചില രാത്രികളിൽ എക്യുഐ നില 200–300 തൊടുന്നുണ്ട്. ∙ 300നു മുകളിലാണെങ്കിൽ അപകടകരമാണ്. പുറത്തിറങ്ങാതിരിക്കുന്നതാണു നല്ലത്.
ഡൽഹിയിലെ വായുനിലവാരം നിലവിൽ 300 നു മുകളിലാണ്. സൂക്ഷ്മകണങ്ങളുടെ സാന്നിധ്യവും കൂടുതലാണ്.
ഡൽഹിയും കൊച്ചിയും
കൊച്ചിയിലെ വായു ഗുണനിലവാര സൂചിക 150ൽ നിൽക്കുമ്പോൾ ഡൽഹിയിലേത് ഇരട്ടിയാണെന്ന് വാദിക്കാമെങ്കിലും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ കാര്യത്തിൽ ഡൽഹിയും കൊച്ചിയും തമ്മിൽ ഏറെ അന്തരമുണ്ട്.
കൊച്ചിയിലെ അന്തരീക്ഷ ഈർപ്പം 80% ആണ്. എന്നാൽ ഡൽഹിയിൽ ഇത് 55–60% ആണ്.
അന്തരീക്ഷ ഈർപ്പം കൂടുന്നതു വിഷാംശം ഏറെനേരം വായുവിൽ നിൽക്കുന്നതിനു കാരണമാകും. ഇതു ഡൽഹിയിലെ വായുവിന്റെ അവസ്ഥയിലേക്കു കൊച്ചിയെ എത്തിക്കുന്നു.
ഡൽഹിയിലെ വായുനിലവാരത്തെക്കുറിച്ചു പരിതപിക്കുമ്പോൾ ഓർക്കുക, അതേ അപകടാവസ്ഥയിലാണു നമ്മളും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

