പത്തനംതിട്ട ∙ ധനുമാസത്തെ ജില്ല വരവേറ്റതു കോടയുടെയും പുകമഞ്ഞിന്റെയും ആവരണമിട്ട്.
വൃശ്ചികത്തിനു തിരശീല വീണെങ്കിലും മൂടലും ചാറ്റൽ മഴയും ബാക്കിയാണ്. ആകാശം തെളിയുന്നതോടെ അടുത്ത ദിവസങ്ങളിൽ മഴ അകന്ന് പുലരിത്തണുപ്പും പകൽച്ചൂടും പൂർണ ആധിപത്യം സ്ഥാപിക്കും.ജില്ലയുടെ പല ഭാഗത്തും താപനില 17 മുതൽ 19 ഡിഗ്രി വരെയായി.
കാലാവസ്ഥാ വകുപ്പിന് ഔദ്യോഗിക നിരീക്ഷണ സംവിധാനങ്ങൾ കുറവായതിനാൽ കൃത്യമായ കണക്കില്ല.
സംസ്ഥാനത്തിന്റെ പല ഭാഗത്തും പതിവിലും തണുപ്പ് അനുഭവപ്പെട്ടു. സമതലപ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 17.6 ഡിഗ്രി സെൽഷ്യസ് പുനലൂരിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.
പുനലൂരിനെക്കാൾ താപനില കുറഞ്ഞതോടെ ഇന്നലെ കോട്ടയത്ത് 18.3 ഡിഗ്രിയായിരുന്നു. പുനലൂരിൽ 19 ഡിഗ്രി.
വരവറിയിച്ച് വേനലും; രാജ്യത്തെ തന്നെ ഉയർന്ന താപനില
എന്നാൽ പകൽത്താപനില പലയിടത്തും 35– 36 ഡിഗ്രി കടന്നു.
രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനില ഇന്നലെ കോട്ടയത്തും കണ്ണൂരുമാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി: 36.6 ഡിഗ്രി. വേനലിന്റെ സൂചന നൽകി ജില്ലയിലെ പല ജലാശയങ്ങളും വറ്റിത്തുടങ്ങി.
പനിയും മഞ്ഞപ്പിത്തവും പക്ഷിപ്പനിയും ഒപ്പം സാന്നിധ്യം അറിയിച്ചു.
ജലം തിളപ്പിച്ച് ഉപയോഗിക്കുന്നതിന് ഒപ്പം ദുർവ്യയം കുറയ്ക്കാനും ശ്രദ്ധ വേണം. പൊതുവേ മെച്ചപ്പെട്ട
തുലാമഴ കിട്ടുന്ന ജില്ലയിൽ ഒക്ടോബർ 1 മുതൽ ഇന്നലെ വരെ തുലാമഴയിൽ 16% കുറവുണ്ട്. സംസ്ഥാനത്ത് ഇത് 20% വരെയാണ്.
സൈബീരിയൻശൈത്യം കേരള അതിർത്തി വരെയോ ?
സമുദ്രതാപം വർധിപ്പിക്കുന്ന എൽനിനോയ്ക്കു പകരം ലാനിനാ പ്രതിഭാസം ലോകമെങ്ങും അനുഭവപ്പെടുന്നതിനാൽ ഇത്തവണ ആഗോള തലത്തിൽ തണുപ്പേറിയ ക്രിസ്മസിനാണു സാധ്യതയെന്നു ലോക കാലാവസ്ഥാ സംഘടന പറയുന്നു. ഇതോടൊപ്പം സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റ് ഹിമാലയവും കടന്ന് ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കു കടക്കുന്നതായും ചില നിരീക്ഷകർ കണ്ടെത്തി. കർണാടകത്തിന്റെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിൽ 7 ഡിഗ്രി വരെയായി താപനില കുറഞ്ഞ് ശൈത്യതരംഗം സംജാതമായതു നിരീക്ഷകരെ അമ്പരപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

