അരൂർ∙കായൽ മലിനീകരണം വേമ്പനാട്ടുകായലിന്റെ കൈവഴികളിൽ കക്ക വാരി ഉപജീവനം തേടുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ. വേമ്പനാട്ട് കായലിന്റെ കൈവഴികളായ വെളുത്തുള്ളി, കുമ്പളങ്ങി, കല്ലഞ്ചേരി, ഇടക്കൊച്ചി, കുമ്പളം, കൈതപ്പുഴ, വളന്തകാട്, ചേപ്പനം, പറവൂർ, പൂത്തോട്ട, ഉദയംപേരൂർ , വൈക്കം കായലുകളിൽ നിന്നു കക്ക വാരി ഉപജീവനം തേടുന്ന ചേർത്തല താലൂക്കിലെ കായലോരങ്ങളിൽ താമസിക്കുന്ന പരമ്പരാഗത തൊഴിലാളികളാണ് കക്ക ഇല്ലാത്തതു മൂലം പട്ടിണിയിലാകുന്നത്.
കടുത്ത കായൽ മലിനീകരണമാണ് മത്സ്യസമ്പത്തിനെപ്പോലെ കക്കയും കായലിൽ വേരറ്റു പോകുന്നത്.
അരൂർ പഞ്ചായത്തിൽ 14–വാർഡിൽ ഒട്ടേറെ കുടുംബങ്ങൾ പതിറ്റാണ്ടുകളായി കക്കത്തൊഴിലാളികളാണ്. മത്സ്യസംസ്കരണ ശാലകളിൽ നിന്നും മറ്റു വ്യവസായ സ്ഥാപനങ്ങളിൽ നിന്നും നിർബാധം കായലിലേക്ക് ഒഴുക്കിവിടുന്ന രാസമാലിന്യങ്ങൾ നിറഞ്ഞ മലിനജലമാണ് വെളുത്തുള്ളി, കുമ്പളങ്ങി, ഇടക്കൊച്ചി, കുമ്പളം, കൈതപ്പുഴ കായലിലെ കക്കാ പ്രജനനത്തെ ബാധിക്കുന്നത്. നേരത്തേ, വീടിനു സമീപത്തുള്ള കായലിലിറങ്ങി കക്കവാരുന്നവർ ഇപ്പോൾ വൈക്കം, മുറിഞ്ഞപുഴ, ഉദയംപേരൂർ, ചേപ്പനം തുടങ്ങിയ വിദൂരസ്ഥലങ്ങളിൽ പോയി കക്ക വാരേണ്ട ഗതികേടിലാണ്.
അരൂർ ആഞ്ഞിലിക്കാട് നിന്നു പുലർച്ചെ 4ന് എൻജിൻ ഘടിപ്പിച്ച ചെറുവള്ളത്തിൽ ഇവിടങ്ങളിൽ എത്തി കക്കവാരുന്ന തൊഴിലാളികൾ ഉച്ചയ്ക്ക് വീടുകളിലെത്തി, കക്ക പുഴുങ്ങി നാലോടെ ചന്തയിലും വീടുകളിലുമെത്തിച്ച് ആവശ്യക്കാർക്കു നൽകും.
രാവുംപകലുമായി 2 തൊഴിലാളികൾ നടത്തുന്ന അധ്വാനത്തിന് 800 മുതൽ 1000 രൂപവരെ ലഭിക്കുമായിരുന്നു. എന്നാൽ, രൂക്ഷമായ മലിനീകരണം നേരിട്ടതോടെ ഇപ്പോൾ കക്കതൊഴിലാളികൾ പട്ടിണിയിലാണെന്ന് അരൂർ പുതുവൽനികർത്ത് കെ.പി.ചെല്ലപ്പനും കളത്തിൽ കെ.സി.കുഞ്ഞപ്പനും പറയുന്നു.
പരമ്പരാഗത കക്കത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവരാണിവർ.
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങളൊന്നും ഈ തൊഴിലിൽ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറഞ്ഞു. കുത്തിയതോടുള്ള കക്ക വ്യവസായ തൊഴിലാളി സഹകരണ സംഘം മാത്രമാണ് ഏക ആശ്രയം. അരൂർ മുതൽ കുത്തിയതോട് വരെ ആയിരത്തിലേറെ കുടുംബങ്ങൾ കക്കാസംഘത്തിൽ അംഗങ്ങളായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

