കളമശേരി ∙ കാർഷിക മേഖലയിൽ ഡ്രോണുകളുടെ സഹായത്തോടെയുള്ള വിപ്ലവകരമായ മാറ്റത്തിനു നേതൃത്വം നൽകുന്ന ഫ്യൂസലേജ് ഇന്നവേഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് സംസ്ഥാനത്തെ മികച്ച കാർഷിക സ്റ്റാർട്ടപ്പിനുള്ള പുരസ്കാരം. ചുരുങ്ങിയ കാലംകൊണ്ടു ദക്ഷിണേന്ത്യയിലെ കാർഷിക മേഖലയിൽ ഡ്രോൺ ഉപയോഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കേരള സ്റ്റാർട്ടപ് മിഷനിൽ ആരംഭിച്ച ഈ സംരംഭത്തിനു കഴിഞ്ഞു.
സഹോദരങ്ങളായ േദവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനുമാണ് സംരംഭത്തിന്റെ ചുക്കാൻ പിടിക്കുന്നത്.സംസ്ഥാന സർക്കാരിന്റെ സ്റ്റാർട്ടപ് മിഷനു കീഴിൽ മേക്കർ വില്ലേജിൽ 2020ലാണ് ഫ്യൂസലേജ് ഇന്നവേഷൻസ് ഡ്രോൺ നിർമാണക്കമ്പനി ആരംഭിച്ചത്.കാർഷിക മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ചു കൃത്യതയോടയുള്ള കൃഷിരീതികൾ അവതരിപ്പിച്ച ടീം, തങ്ങൾ വികസിപ്പിച്ച സ്പ്രേയിങ് ഡ്രോണുകളിലൂടെയും കാർഷിക നിരീക്ഷണ ഡ്രോണുകളിലൂടെയും സൂക്ഷ്മമൂലകങ്ങളുടെ പ്രയോഗത്തിലൂടെ 30-40% വരെ വിളവുയർത്താനും രാസകീടനാശിനി ഉപയോഗം 50% വരെ കുറയ്ക്കാനും സഹായിക്കുന്നു.
2,500 ലധികം കർഷകർക്കു നിലവിൽ ഡ്രോൺകൊണ്ടുള്ള സേവനങ്ങൾ ഫ്യൂസലേജ് നൽകിവരുന്നു.
2.5 ലക്ഷം ഹെക്ടർ ഭൂമിയിൽ സേവനം എത്തിച്ചിട്ടുള്ള ഫ്യൂസലേജ് ഇന്നവേഷൻസ് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയിലൂടെ ഡ്രോണുകൾ തദ്ദേശീയമായി നിർമിക്കുകയും വിദേശരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നുമുണ്ട്. വിദഗ്ധ ഉപദേശകരായി കേരള കാർഷിക സർവകലാശാല മേധാവി ബെറിൻ പത്രോസ്, സിമെറ്റ് തൃശൂർ മേധാവി സീമ, സാമ്പത്തിക വിദഗ്ധൻ ഗിരിശങ്കർ ഗണേഷ് , ലീഡിങ് അനലിസ്റ്റ് ഹേമന്ത് മാത്തൂർ എന്നിവർ ഫ്യൂസലേജിനൊപ്പമുണ്ട് . നിലവിൽ കമ്പനിയിൽ 40ഓളം പേർ ഉണ്ട്. അടുത്ത 3 വർഷം 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി ഉണ്ട്.
കാർഷികമേഖലയിലെ ഉന്നമനത്തിനു വികസിത രാജ്യങ്ങളിലേതു പോലെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ അഡോപ്ഷനും ടെക്നോളജി ഡവലപ്മെന്റും വളരെ അത്യാവശ്യമാണെന്നും ഭാവിയിൽ ഡ്രോൺ സാങ്കേതിക വിദ്യ കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിനും അതുവഴി കർഷകരുടെ വരുമാനം കൂട്ടുന്നതിനും എല്ലാവിധ പിന്തുണയും നൽകുമെന്നും ഫ്യൂസലേജ് ഇന്നവേഷൻസ് ഫൗണ്ടർ ദേവൻ ചന്ദ്രശേഖരൻ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

