കോതമംഗലം മാരമംഗലം ഹാപ്പി നഗറിൽ ദാരുണ സംഭവം. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന വീട്ടമ്മ കുത്തേറ്റു മരിച്ചു.
ഹാപ്പി നഗർ സ്വദേശിനിയായ കുഞ്ഞമ്മ (61) ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കൊല്ലപ്പെട്ട സംഭവത്തിന് ഇരയായത്.
ഭർത്താവായ കുര്യാക്കോസിനെ (65) കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് ദമ്പതികൾ മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.
കൊലപാതകത്തിന് ശേഷം പ്രതിയായ കുര്യാക്കോസ് നേരിട്ട് വിദേശത്തുള്ള തന്റെ മകനെ ഫോണിൽ വിളിച്ച് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് മകൻ ഉടൻ തന്നെ നാട്ടിലുള്ള അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.
അയൽവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ കഴിയുകയായിരുന്നു കുര്യാക്കോസ്.
കുടുംബപരമായ ചില തർക്കങ്ങളും പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

