കൊച്ചി കളമശ്ശേരിക്ക് സമീപം ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കളമശ്ശേരി സീപോർട്ട്- എയർപോർട്ട് റോഡിന് സമീപമുള്ള എച്ച്എംടി കാട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സൗത്ത് കളമശ്ശേരി കുടിലിൽ റോഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നെയ്വേലി സ്വദേശി അണ്ണാദുരെയുടെ മകൻ അരുൺരാജ് (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ ദേഹത്ത് മുറിവുകൾ കണ്ടെത്തിയിട്ടുള്ളതിനാൽ ഇതൊരു കൊലപാതകമാണോ എന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. കഴിഞ്ഞ രണ്ട് ദിവസമായി അരുൺരാജിനെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു.
ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം റിങ് ചെയ്തിരുന്നുവെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. തങ്ങളുടെ നാട്ടിലേക്ക് പോയതായിരിക്കാം എന്നാണ് ആദ്യം കരുതിയതെന്നും ബന്ധുക്കൾ പ്രതികരിച്ചു.
എന്നാൽ ഇന്നലെ വൈകുന്നേരം അരുൺരാജിന്റെ മൊബൈൽ ഫോൺ അപരിചിതനായ ഒരാൾ വീട്ടിലെത്തിച്ചു നൽകിയതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് എച്ച്എംടി കാടിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഫോൺ എത്തിച്ചു നൽകിയ ആളെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർ നടപടികളുടെ ഭാഗമായി മൃതശരീരം എറണാകുളം ഗവ.
മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

