മെട്രോ രണ്ടാം ഘട്ട വികസനത്തിനുള്ള 1,116 കോടി രൂപയുടെ വിദേശ വായ്പയ്ക്കു സർക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി നൽകിയേക്കും.
ഒരു വർഷത്തിലേറെയായി ധന വകുപ്പിന്റെ അനുമതി കാത്തുകിടക്കുകയായിരുന്ന ഫയൽ അടുത്ത മന്ത്രിസഭാ യോഗത്തിലെത്തുമെന്നു കരുതുന്നു. തിരഞ്ഞെടുപ്പിന് ഒരുക്കമായി മുഖ്യമന്ത്രി അവതരിപ്പിച്ച വികസന മാർഗരേഖയിൽ മെട്രോ രണ്ടാം ഘട്ട
വികസനവും ഉൾപ്പെടുത്തിയിട്ടുണ്ട്. കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാം ലൈനിന്റെ നിർമാണത്തിനു ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്നുള്ള വായ്പയ്ക്ക് എല്ലാ നടപടികളും നേരത്തേ പൂർത്തിയാക്കിയെങ്കിലും ഇതുവരെ വായ്പാ കരാർ ഒപ്പിട്ടിരുന്നില്ല.
കരാറിന് അനുമതി നൽകുന്നതിൽ രണ്ടുകാര്യങ്ങളിലായിരുന്നു സർക്കാരിനു സംശയം. മറ്റു വിദേശ വായ്പകളേക്കാൾ ഉയർന്ന പലിശയാണു ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന് എന്നതാണ് ഒന്നാമത്തെ കാര്യം. ബാങ്കുമായി തുടർചർച്ച നടത്തി പലിശ കുറയ്ക്കാൻ സർക്കാർ കെഎംആർഎൽ നോട് ആവശ്യപ്പെട്ടിരുന്നു.
കെഎംആർഎൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകാൻ തീരുമാനം. പദ്ധതിക്കുവേണ്ടി എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയെ ബാധിക്കുമോ എന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു.
എന്നാൽ, കേന്ദ്ര– സംസ്ഥാന പങ്കാളിത്തമുള്ള കമ്പനി എന്ന നിലയിൽ ഇൗ ബാധ്യത സംസ്ഥാന സർക്കാരിന്റെ തലയിൽ വരില്ലെന്നാണു സർക്കാർ കരുതുന്നത്. എന്നാൽ കെഎംആർഎലിന്റെ വായ്പയുടെ തിരിച്ചടവ് ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്.
പുതിയ സർക്കാർ വരാനിരിക്കെ ഇതിന്റെ പേരിൽ വികസന പദ്ധതി അവതാളത്തിലാക്കേണ്ടെന്നാണു സർക്കാർ നിലപാട്.2,500 കോടി രൂപയിലേറെ ചെലവുവരുന്ന പദ്ധതി വെട്ടിച്ചുരുക്കി 1,900 കോടി രൂപയ്ക്കാണു കേന്ദ്ര സർക്കാർ അനുമതി നൽകിയത്.
വർഷങ്ങളോളം നീണ്ടുപോയതിനാൽ പദ്ധതിച്ചെലവ് 2,500 കോടി രൂപയ്ക്കു മുകളിലേക്കുയരാനും സാധ്യതയുണ്ട്. ഇൗ സാഹചര്യത്തിലാണു പലിശ കുറയ്ക്കുന്നതിനു ബാങ്ക് തയാറാവാതിരുന്നത്.
കേന്ദ്ര സർക്കാർ അനുമതി നൽകിയ തുകയ്ക്ക് ആനുപാതികമായ വിഹിതം കേന്ദ്രവും സംസ്ഥാനവും ഇതിനകം നൽകിക്കഴിഞ്ഞു.
വായ്പ ലഭ്യമല്ലാത്തതിനാൽ മെട്രോ നിർമാണത്തിൽ കാര്യമായ പുരോഗതിയില്ല. ജൂണിൽ രണ്ടാം ഘട്ട
നിർമാണം പൂർത്തിയാക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. സിവിൽ കൺസ്ട്രക്ഷനുമാത്രം 1,141 കോടി രൂപയ്ക്കാണു അഫ്കോൺസിനു കരാർ നൽകിയത്.
രണ്ടാം ഘട്ടത്തിന് ആകെ വേണ്ട 2,021 പൈലുകളിൽ ഇതുവരെ 1,454 പൂർത്തിയാക്കാനേ അഫ്കോൺസിനു കഴിഞ്ഞിട്ടുള്ളൂ. 470 പൈൽ ക്യാപ്പുകളിൽ 257 പൂർത്തിയായി.
470 തൂണുകളിൽ ഇതുവരെ പൂർത്തിയായത് 175 മാത്രം. ഗർഡറുകളുടെ നിർമാണവും മന്ദഗതിയിലാണ്.
കെഎംആർഎൽ പണം റിലീസ് ചെയ്യാത്തതുമൂലം നിർമാണപ്രവർത്തനങ്ങൾ കരാർ കമ്പനി മരവിപ്പിച്ചിരിക്കുകയാണെന്ന ആക്ഷേപമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

