കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കാരികാട് ടോപ്പിന് സമീപം വൻതോതിൽ മണ്ണിടിച്ചിലുണ്ടായി.
മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കാറുകളുടെ മുകളിലേക്കാണ് അവശിഷ്ടങ്ങൾ പതിച്ചത്. ഭാഗ്യവശാൽ ഈ സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെങ്കിലും റോഡിലെ ഗതാടനം പൂർണ്ണമായി സ്തംഭിച്ചു.
വാഗമൺ, മേലടുക്കം, അടിവാരം തുടങ്ങിയ പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് തുടരുന്നത്. ഇതിന്റെ ഫലമായി മീനച്ചിലാറ്റിന്റെ കൈവഴികളിൽ ജലനിരപ്പ് ഉയരുകയും നീരൊഴുക്ക് ശക്തമാവുകയും ചെയ്തിട്ടുണ്ട്.
ഈരാറ്റുപേട്ട-വാഗമൺ പാതയുടെ വിവിധ ഭാഗങ്ങളിലേക്ക് ശക്തമായ രീതിയിൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. ഞായറാഴ്ചയായതിനാൽ ഈ റൂട്ടിൽ പതിവിലും കൂടുതൽ വാഹനങ്ങൾ എത്തിയത് ദുരിതം ഇരട്ടിയാക്കി.
പലയിടങ്ങളിലും റോഡ് ഗതാടനം തടസ്സപ്പെട്ടിരിക്കുകയാണ്. അതിനിടെ, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
20/09/2026 തീയതിയിൽ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും, 24/09/2026 തീയതിയിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

