കാക്കനാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷൻ പരിധിയിൽ നിന്നു മാത്രം ഉമ തോമസ് നേടിയത് 33,032 വോട്ടുകളുടെ ലീഡ്. 2022ലെ ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് കോർപറേഷൻ പരിധിയിൽ നേടിയത് 16,593 വോട്ടിന്റെ ലീഡാണ്.
ഇത്തവണ അത് ഇരട്ടിയാക്കിയാണ് ഉയർത്തിയത്. നിയമസഭാ മണ്ഡലത്തിലെ 262 പോളിങ് ബൂത്തുകളിൽ 257 ഇടങ്ങളിലും യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇത്തവണ മുൻപിലെത്തി.
5 ബൂത്തുകളിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർഥി പുഷ്പ ദാസ് മുന്നേറിയത്. 2 ബൂത്തിൽ എൻഡിഎ സ്ഥാനാർഥി അഖിൽമാരാരാണ് മുൻപിൽ.
63 ബൂത്തുകളിൽ എൽഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി എൻഡിഎ രണ്ടാമതെത്തി.
കാരണക്കോടം, ചമ്പക്കര ബൂത്തുകളിലാണ് ബിജെപിക്ക് ലീഡ് ലഭിച്ചത്. കാരണക്കോടത്ത് അഖിൽ മാരാർക്ക് 388 വോട്ടുകളും ഉമ തോമസിന് 308 വോട്ടുകളും പുഷ്പ ദാസിന് 77 വോട്ടും ലഭിച്ചു.
ചമ്പക്കരയിൽ അഖിൽ മാരാർക്ക് 228 വോട്ടും ഉമ തോമസിന് 196 വോട്ടും പുഷ്പ ദാസിന് 70 വോട്ടും ലഭിച്ചു. തെങ്ങോട്, കാക്കനാട്, തമ്മനം, പൊന്നുരുന്നി, വൈറ്റില മേഖലകളിലെ ഓരോ ബൂത്തിലാണ് എൽഡിഎഫിനു ലീഡ്.
തൃക്കാക്കര മുനിസിപ്പൽ പരിധിയിൽ ഉമയുടെ ലീഡ് 17,179 ആണ്.
കഴിഞ്ഞ തവണ തൃക്കാക്കര മുനിസിപ്പൽ പരിധിയിൽ ഉമയുടെ ലീഡ് 8,423 ആയിരുന്നു. ഇക്കുറി അത് 17,179 ആയി ഉയർന്നു.
ഉപതിരഞ്ഞെടുപ്പിൽ 239 ബൂത്തുകളാണ് ഉണ്ടായിരുന്നത്. അന്നു 24 ബൂത്തുകളിൽ എൽഡിഎഫ് മേൽക്കൈ നേടിയിരുന്നു.
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ 68 ബൂത്തുകളിൽ എൽഡിഎഫ് ലീഡ് േനടി. ഇത്തവണ ഇത് 5 ബൂത്തുകളായി കുറഞ്ഞത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.
കനത്ത പരാജയത്തിൽ ഞെട്ടി സിപിഎം നേതൃത്വം
തൃക്കാക്കര മണ്ഡലത്തിൽ പരാജയപ്പെടുമെന്ന് സിപിഎം കണക്കുകൂട്ടിയിരുന്നെങ്കിലും ഇത്രയും കനത്ത വോട്ടുചോർച്ച പ്രതീക്ഷിച്ചില്ല.
മണ്ഡലത്തിൽ ഉൾപ്പെടുന്ന കോർപറേഷൻ വാർഡുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയതിനാൽ അവിടത്തെ പിന്നോട്ടടി പാർട്ടി പ്രതീക്ഷിച്ചിരുന്നു. തൃക്കാക്കര മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ച വാർഡുകളിലെ ബൂത്തുകളിൽ പോലും പുഷ്പദാസിന് ലീഡ് ലഭിക്കാത്തത് സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.
ബ്രാഞ്ച്, ലോക്കൽ, ഏരിയ തലത്തിൽ ഇക്കാര്യം വിശദമായി പരിശോധിക്കാനും ചർച്ച ചെയ്യാനുമാണ് പാർട്ടിയുടെ തീരുമാനം.
15,000 മുതൽ 20,000 വരെ വോട്ടുകളുടെ ലീഡ് ഉമ തോമസിന് ലഭിക്കുമെന്ന വിലയിരുത്തലാണ് ജില്ലാ കമ്മിറ്റിക്ക് മണ്ഡലം കമ്മിറ്റി നൽകിയിരുന്നത്. എസ്ഐആർ വഴി 28,000 വോട്ടുകൾ കുറഞ്ഞത് യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നുഎൽഡിഎഫിന്റെ കണക്കു കൂട്ടൽ.
തങ്ങളുടെ വോട്ടർമാർ എസ്ഐആർ ഫോമുകൾ കൃത്യമായി പൂരിപ്പിച്ചു നൽകിയിട്ടുണ്ടെന്നും യുഡിഎഫാണ് ഇക്കാര്യത്തിൽ വിമുഖത കാട്ടിയതെന്നുമാണ് തിരഞ്ഞെടുപ്പുവേളയിൽ സിപിഎം പ്രചരിപ്പിച്ചിരുന്നത്.
എറണാകുളത്ത് യുഡിഎഫ് പടയോട്ടം
കൊച്ചി ∙ എറണാകുളം മണ്ഡലത്തിലെ 206 ബൂത്തുകളിൽ 191ലും യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദിനു മുൻതൂക്കം.
എൻഡിഎ സ്ഥാനാർഥി പി.ആർ. ശിവശങ്കർ 10 ബൂത്തുകളിൽ മുൻതൂക്കം നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സാബു ജോർജിന്റെ ലീഡ് 5 ബൂത്തുകളിൽ മാത്രമൊതുങ്ങി.
ചേരാനല്ലൂർ പഞ്ചായത്തിലെ മുഴുവൻ ബൂത്തുകളിലും യുഡിഎഫിനാണു ലീഡ്. അതേസമയം, നഗര മേഖലകളിൽ ബിജെപി സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ സൂചനകൾ ബൂത്ത് തിരിച്ചുള്ള കണക്കുകളിൽ വ്യക്തമാണ്.
51 ബൂത്തുകളിൽ എൽഡിഎഫിനെ മറികടന്നു ബിജെപി സ്ഥാനാർഥി രണ്ടാമതെത്തി. കൊച്ചി കോർപറേഷനിൽ യുഡിഎഫ് കൗൺസിലർമാരുള്ള ചില ഡിവിഷനുകളിലെ ബൂത്തുകളിലും ബിജെപിക്കു മുൻതൂക്കം നേടാനായി.
എളമക്കര അശോക വേൾഡ് സ്കൂളിലെ ഒരു ബൂത്ത്, ഭവൻസ് വിദ്യാമന്ദിർ സ്കൂളിലെ ഒരു ബൂത്ത്, കച്ചേരിപ്പടി റാണിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 2 ബൂത്തുകൾ, സെന്റ് തെരേസാസ് എച്ച്എസ്എസിലെ 2 ബൂത്തുകൾ, എസ്ആർവി എൽപിഎസിലെ 2 ബൂത്തുകൾ, ഗവ.
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു ബൂത്ത്, ചിന്മയ വിദ്യാലയയിലെ ഒരു ബൂത്ത് എന്നിവിടങ്ങളിലാണു പി.ആർ. ശിവശങ്കറിനു ലീഡ് ലഭിച്ചത്.
ഇടപ്പള്ളി നോർത്ത് ഗവ. എച്ച്എസ്എസിലെ ഒരു ബൂത്ത്, എളമക്കര ഗവ.
എൽപിഎസിലെ ഒരു ബൂത്ത്, എളമക്കര ഗവ. എച്ച്എസിലെ ഒരു ബൂത്ത്, സെന്റ് അഗസ്റ്റിൻ എച്ച്എസിലെ ഒരു ബൂത്ത്, മാതാനഗർ പബ്ലിക് സ്കൂളിലെ ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥി സാബു ജോർജ് ലീഡ് നേടിയത്.
എൽഡിഎഫിന് 9827 വോട്ട് കുറഞ്ഞു
നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ യുഡിഎഫും ബിജെപിയും വോട്ട് വർധിപ്പിച്ചപ്പോൾ എൽഡിഎഫിന്റെ വോട്ടിൽ ഗണ്യമായ കുറവുണ്ടായി.
യുഡിഎഫിന് 15366 വോട്ടും ബിജെപിക്ക് 3111 വോട്ടും വർധിച്ചു. അതേസമയം, എൽഡിഎഫിനു കുറഞ്ഞത് 9827 വോട്ടുകളാണ്.
ആരു മത്സരിച്ചാലും എറണാകുളം മണ്ഡലത്തിൽ എൽഡിഎഫിന് 31,000– 34,000 വോട്ടുകൾ കിട്ടാറുള്ളതാണ്. എൽഡിഎഫ് വോട്ടിൽ ഇത്തവണയുണ്ടായ കുറവ് സിപിഎമ്മിനെ ഉലയ്ക്കുമെന്നുറപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

