ചാവക്കാട് കിഴക്കേ ബ്ലാങ്ങാട് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന പള്ളത്ത് മനയ്ക്കൽ അബ്ദുൽ കരീമിന്റെ വീട്ടിൽ വൻ മോഷണം. വീട്ടുകാർ പുറത്തുപോയ തക്കം നോക്കി അകത്തു കടന്ന മോഷ്ടാക്കൾ അഞ്ചര പവൻ സ്വർണാഭരണങ്ങളും 5,000 രൂപയും കവർന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ: അബ്ദുൽ കരീമും ഭാര്യയും മരുമകളും ചേർന്ന് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പുറത്തുപോയതായിരുന്നു. രാത്രി ഒൻപത് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.
വീടിന്റെ പിൻഭാഗത്തെ ഗ്രില്ലും വാതിലും തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. വീടിന്റെ മുകൾനിലയിലെ മുറികളിലെ അലമാരകൾ മോഷ്ടാക്കൾ പൂർണമായും വാരിവലിച്ചിട്ട
നിലയിലാണ്. താഴത്തെ നിലയിലുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന മോതിരം, മാല, കമ്മൽ, ലോക്കറ്റ്, സ്വർണ്ണ നാണയം എന്നിവയാണ് നഷ്ടപ്പെട്ടത്.
ഇതോടൊപ്പം അലമാരയിലുണ്ടായിരുന്ന 5,000 രൂപയും മോഷ്ടാക്കൾ കൈക്കലാക്കി. വിവരമറിഞ്ഞ് ചാവക്കാട് എസ്എച്ച്ഒ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന്റെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി എസ്എച്ച്ഒ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

