കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ പ്രതിയായതിന് പിന്നാലെ നിഹാദ് ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.
ഇയാളെ കണ്ടെത്താനും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമായി സുഹൃത്തുക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ, സുഹൃത്തുക്കൾ അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിക്കുന്നതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൊലീസിന്റെ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ നേരത്തെ നീക്കം ചെയ്തിരുന്നു. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഐടി നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്.
സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നതാണ് കേസിലെ പ്രധാന ആരോപണം. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമായിരുന്നു നിയമനടപടികൾ.
കേസിൽ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയെ പൊലീസ് ശക്തമായി എതിർത്തിട്ടുണ്ട്. പ്രതി ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെ കുട്ടികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന നിഹാദും സംഘവും ഉപയോഗിച്ചിരുന്ന അശ്ലീല ഭാഷാപ്രയോഗങ്ങൾ നേരത്തെ തന്നെ വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും പരസ്യമായ തർക്കങ്ങളുമാണ് ഒടുവിൽ ചാനൽ പൂട്ടുന്നതിലേക്കും കേസ് നടപടികളിലേക്കും നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

