സംസ്ഥാനത്ത് ഹാൾമാർക്ക് എച്ച്യുഐഡി (HUID) മുദ്ര പതിച്ച വ്യാജ സ്വർണാഭരണങ്ങൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായി പരാതി. ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കണ്ടെത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.
സുരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. എസ്.
അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ സ്വർണം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചുവരികയാണ്.
ഇതിനകം പലയിടത്തും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ ചക്കരക്കലിൽ വ്യാജ സ്വർണാഭരണങ്ങളുമായി തട്ടിപ്പിന് ശ്രമിച്ചവരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
സമാനമായി, കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാൻ ശ്രമിച്ച സംഘം പൊലീസിനെ കണ്ടതോടെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച മോട്ടോർസൈക്കിൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൂടാതെ, തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ഒരു ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ബിഐഎസ് കെയർ (BIS Care) ആപ്പിലൂടെ ആറക്ക ആൽഫാന്യൂമറിക് എച്ച്യുഐഡി നമ്പർ പരിശോധിച്ചാൽ ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ പേര്, വിലാസം, ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങൾ എന്നിവ കൃത്യമായി ലഭിക്കുമെന്നിരിക്കെ, ഈ സംവിധാനത്തെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് വ്യാജ മുദ്രകൾ പതിപ്പിച്ച് തട്ടിപ്പ് തുടരുന്നത്.
വ്യാജ സ്വർണം പണയ സ്ഥാപനങ്ങളിൽ നൽകി വായ്പ തട്ടിയെടുക്കുന്ന പ്രവണതയും ഏറിവരികയാണ്. സ്വർണവിലയിലുണ്ടായ വൻ വർധനവ് മുതലെടുത്ത് ആസൂത്രിതമായ രീതിയിലാണ് വ്യാജ സ്വർണ മാഫിയകൾ പ്രവർത്തിക്കുന്നത്.
എച്ച്യുഐഡി മുദ്രയുടെ ദുരുപയോഗവും സംഘടിതമായി നടക്കുന്ന ഇത്തരം തട്ടിപ്പുകളും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഗൗരവമായി കാണണമെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

