മൂവാറ്റുപുഴ∙ ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലമെന്ന ഖ്യാതിയുള്ള 1914ൽ നിർമിച്ച മൂവാറ്റുപുഴ പഴയ പാലം, കേവലമൊരു യാത്രാമാർഗം മാത്രമല്ല. മറിച്ച് നൂറ്റാണ്ടിന്റെ എൻജിനീയറിങ് വിസ്മയമാണ്.
ഈ ചരിത്ര സ്മാരകത്തെ സംരക്ഷിക്കാനും ദേശീയ, രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ പൈതൃക കേന്ദ്രമാക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സഹകരണം ലഭ്യമാക്കാൻ നഗരസഭ തയാറെടുക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭാധ്യക്ഷയ്ക്ക് ലഭിച്ച നിവേദനത്തെ തുടർന്നാണ് നഗരസഭ പ്രാരംഭ നടപടികളിലേക്കു കടക്കുന്നത്.
പാലത്തെ സംരക്ഷിക്കുന്നതിനുള്ള ആദ്യ നിയമപരമായ നടപടി നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ ഇതിനെ ഒരു മുനിസിപ്പൽ പൈതൃക നിർമിതിയായി പ്രഖ്യാപിക്കുകയെന്നതാണ്. ഇത് പാലത്തിൽ വരുത്താവുന്ന അശ്രദ്ധമായ നിർമാണങ്ങളും മാറ്റങ്ങളും തടയാനും കൃത്യമായ സംരക്ഷണ ചട്ടക്കൂട് ഉണ്ടാക്കാനും സഹായിക്കും.
1914ലെ നിർമാണം, ശ്രീമൂലം തിരുനാൾ രാമവർമയുടെ പങ്ക്, ആർച്ച് ബ്രിജ് ഡിസൈൻ, പാലത്തിന്റെ ബലം തെളിയിക്കാൻ ആനകളെ കയറ്റി നടത്തിയ പരിശോധന തുടങ്ങിയ ചരിത്രരേഖകൾ അടക്കം എൻജിനീയറിങ് കോളജുകളുമായും ചരിത്രകാരന്മാരുമായും ചേർന്ന് ലഭ്യമായ ചരിത്രരേഖകൾ ശേഖരിക്കാൻ കഴിഞ്ഞാൽ പൈതൃക പദവി ലഭിക്കുന്നതിനുള്ള അടിസ്ഥാന രേഖയാകും.
പാലത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന ഉന്നത നിലവാരമുള്ള ഇൻഫർമേഷൻ ബോർഡുകളും ക്യുആർ കോഡുകളും സ്ഥാപിക്കണം. പാലത്തിലൂടെ കടന്നുപോകുന്നവർക്ക് അതിന്റെ വിസ്മയകരമായ ചരിത്രം മനസ്സിലാക്കാൻ ഇത് സഹായിക്കും.
പാലത്തിന്റെ തനിമ നിലനിർത്തുന്ന വെളിച്ചസംവിധാനം, പുഴയോരത്തെ നടപ്പാത വികസനം എന്നിവ നടപ്പാക്കണം. 110 വർഷം പഴക്കമുള്ള പാലത്തിന്റെ ആയുസ്സ് വർധിപ്പിക്കാൻ ഭാരവാഹനങ്ങളെ നിയന്ത്രിക്കുകയും സന്ദർശകർക്കായി ഒരു പൈതൃക നടപ്പാതയായി ഇതിനെ ഭാഗികമായി മാറ്റുകയും ചെയ്യാം.
പാലത്തിന്റെ പൈതൃക പദവിക്കും വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനുമായി പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി ജനകീയ ക്യാംപെയ്ൻ സംഘടിപ്പിക്കണം.
നഗരസഭ തയാറാക്കുന്ന റിപ്പോർട്ടുകൾ സംസ്ഥാന പുരാവസ്തു വകുപ്പിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും സമർപ്പിക്കുന്നതിലൂടെ സംസ്ഥാന, ദേശീയ പൈതൃക പദവികൾ നേടിയെടുക്കാം. ഇത് ഭാവിയിൽ യുനെസ്കോയുടെ താൽക്കാലിക പട്ടികയിൽ പോലും ഇടംപിടിക്കാൻ വഴിയൊരുക്കും.
മൂവാറ്റുപുഴ നഗരസഭ ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമായതോടെയാണു നഗരസഭ ചെയർപഴ്സൻ ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

