കൊച്ചി ∙ ദേശീയ പാതയിൽ മണ്ണുത്തി–ഇടപ്പള്ളി മേഖലയിൽ നടക്കുന്ന അടിപ്പാതകളുടെ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി എന്നാണെന്ന് അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ദേശീയ പാത അതോറിറ്റിക്കാണു ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ഹൈക്കോടതി നിയോഗിച്ച ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി അധ്യക്ഷനായ തൃശൂർ കലക്ടർ, നിർമാണ പ്രവർത്തനങ്ങൾ ഇഴയുകയാണെന്ന് അറിയിച്ചതിനെ തുടർന്നാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട
ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
കരാർ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്.ആമ്പല്ലൂരിൽ 2024 സെപ്റ്റംബറിൽ ആരംഭിച്ച പണികൾ ഇപ്പോഴും മന്ദഗതിയിലാണെന്ന് ഓൺലൈനായി ഹാജരായ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കൊരട്ടി ജംക്ഷനിൽ ഉൾപ്പെടെ ട്രാഫിക് വാർഡർമാരെ നിയോഗിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി റിപ്പോർട്ടിൽ അറിയിച്ചു.
വാഹനത്തിരക്ക് വർധിച്ചിട്ടുണ്ട്. വെളിച്ച വിതാനവും റിഫ്ലക്ടറുകൾ പതിച്ച മുന്നറിയിപ്പ് സിഗ്നലുകളും ആവശ്യത്തിനില്ല.
ഇതു സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് നോട്ടിസ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഈ പ്രശ്നങ്ങൾ പരിഹരിക്കുമെന്നു കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചു. നിലവിൽ ആകെ 16 ട്രാഫിക് വാർഡന്മാരാണുള്ളത്.
50 പേരെ കൂടി ലഭ്യമാക്കാൻ സംസ്ഥാന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പോരായ്മകളും പരിഹരിക്കുമെന്നും വിശദീകരിച്ചു.
ഇക്കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തുടർന്ന് ഹൈവേ അതോറിറ്റിയോട് നിർദേശിച്ചു. ഗതാഗതക്കുരുക്ക് തുടരുമ്പോഴും പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് എതിരെ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ.ജനീഷ് എന്നിവരാണു ഹർജികൾ നൽകിയത്.
ഹർജികൾ 9ന് വീണ്ടും പരിഗണിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

