മങ്കൊമ്പ് ∙ നെൽക്കൃഷി മേഖലയിൽ സ്ത്രീ തൊഴിലാളികളെ ലഭിക്കുന്നില്ല. കർഷകർ പ്രതിസന്ധിയിൽ.
കള പറിക്കുന്നതിനും പറിച്ചു നടീലിനും കുട്ടനാട്ടിൽ പ്രധാനമായും സ്ത്രീ തൊഴിലാളികളെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ ഈ മേഖലയിൽ ജോലി ചെയ്യാൻ വിദഗ്ധരായ തൊഴിലാളികളെ ലഭിക്കാത്തതും തൊഴിലുറപ്പു ജോലികൾ പല സ്ഥലങ്ങളിൽ ആരംഭിച്ചതുമാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. വേലിയേറ്റവും മഴയും മൂലം പ്രതിസന്ധിയിലായ കർഷകർക്കു തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇരുട്ടടിയായിരിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിൽ നെൽക്കൃഷിയുമായി ബന്ധമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ആവശ്യത്തിനു ലഭിച്ചിരുന്നതു കർഷകർക്കു സഹായകരമായിരുന്നു.
എന്നാൽ ഇത്തവണ കാർഷിക മേഖലയിൽ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിത സമയത്തുണ്ടായ മഴയും വേലിയേറ്റത്തിലൂടെ പാടശേഖരത്തിലേക്കു വെള്ളം കവിഞ്ഞു കയറിയതും മൂലം ഒട്ടുമിക്ക പാടശേഖരങ്ങളിലും പഴുത് (െനൽച്ചെടികൾ ഇല്ലാതെ കിടക്കുന്ന കൃഷിയിടം) അധികമായിട്ടുണ്ട്. പഴുതുള്ള ഭാഗങ്ങളിൽ കൃഷിയിടത്തിലെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള നെൽച്ചെടികൾ എടുത്തു നട്ടു പിടിപ്പിക്കുകയാണു ചെയ്യുന്നത്.
പുളിങ്കുന്നിൽ വേലിയേറ്റത്തിൽ പാടശേഖരത്തിനോടു ചേർന്നുള്ള പാലത്തിന്റെ കരിങ്കൽ ഭിത്തികൾക്ക് ഇടയിലൂടെ വെള്ളം കയറി കൃഷിയിടം മുങ്ങി വിത നശിച്ച കർഷകനു ആറര ഏക്കറിൽ പറിച്ചു നടുന്നതിനായി 4 സ്ത്രീ തൊഴിലാളികളെയാണു ലഭ്യമായത്.
ഒരേക്കറിൽ 4 പേരെങ്കിലും ഉണ്ടെങ്കിലേ നിലവിലെ സാഹചര്യത്തിൽ ഒരുവിധമെങ്കിലും പഴുതടയ്ക്കാൻ സാധിക്കൂ. ലഭ്യമായ തൊഴിലാളികളെ ഉപയോഗിച്ച് ഏറെ ദിവസമെടുത്താണു പല കർഷകരും പറിച്ചു നടീൽ പൂർത്തിയാക്കുന്നത്.
ചില ഭാഗങ്ങളിൽ കാർഷിക മേഖലയിൽ വിദഗ്ധരല്ലാത്ത ഇതര സംസ്ഥാന തൊഴിലാളികളെ പണി കാണിച്ചുകൊടുത്തു പറിച്ചു നടുന്ന കർഷകരുമുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ 8 മണിക്കൂർ 800 രൂപയ്ക്കു പറിച്ചു നടീൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഇപ്പോൾ 6 മണിക്കൂർ പണിയെടുത്തശേഷം 1000 രൂപ കൂലി വാങ്ങിയാണു പോകുന്നത്. സ്ത്രീ തൊഴിലാളികളെ ലഭ്യമാകാത്ത സാഹചര്യത്തിൽ മറ്റു മാർഗമില്ലാതെ, പറയുന്ന കൂലി കൊടുത്ത് ഇതര സംസ്ഥാനത്തുനിന്നുള്ളവരെ ജോലി ചെയ്യിപ്പിക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. 6 മണിക്കൂർ ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികൾക്ക് 650 രൂപയാണു കൂലി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

