കായംകുളം∙ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി റെയിൽവേ റോഡിന്റെ നിർമാണം പാതിവഴിയിൽ സ്തംഭിച്ചതിൽ പ്രതിഷേധം കനക്കുന്നു. ദിവസേന സ്റ്റേഷനിൽ എത്തുന്ന ആയിരക്കണക്കിനു യാത്രക്കാർക്ക് റോഡിന്റെ അവസ്ഥ വെല്ലുവിളിയാകുന്നു.
തയ്യിൽ–പെരിങ്ങാല റോഡിലെ അടിപ്പാത വരെയുള്ള നൂറ് മീറ്റർ ഭാഗത്താണു പൊട്ടിപ്പൊളിഞ്ഞു വൻകുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
ട്രെയിനിൽ കയറാനായി വേഗത്തിൽ ഇരുചക്രവാഹനങ്ങളിൽ പോകുന്ന യാത്രക്കാരാണ് കുഴി ഉണ്ടെന്നറിയാതെ തെറിച്ചുവീണ് അപകടത്തിൽപെടുന്നത്. റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സമയത്താണു തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത്.
റെയിൽവേ റോഡായതിനാൽ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയാറാകുന്നില്ല. റെയിൽവേ സ്റ്റേഷൻ നവീകരണ ജോലികൾ ദ്രുതഗതിയിൽ നടക്കുകയാണ്.
യാത്രക്കാരുടെ സൗകര്യത്തിനു വലിയ പ്രാധാന്യം നൽകിയുള്ള നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കെ.സി.വേണുഗോപാൽ എംപി, ഡിവിഷനൽ റെയിൽവേ മാനേജർ എന്നിവർ സ്റ്റേഷൻ സന്ദർശിച്ച് വികസന പുരോഗതി വിലയിരുത്തിയിരുന്നു.
റോഡിന്റെ പോരായ്മ യാത്രക്കാരുംരാഷ്ട്രീയപാർട്ടി പ്രതിനിധികളും ഇവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
റോഡ് കോൺക്രീറ്റ് ചെയ്തപ്പോൾ പൂർണമായി ചെയ്യാതിരുന്നതിൽ കരാറുകാർക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. റെയിൽവേ എൻജിനീയറിങ് വിഭാഗത്തിനാണ് മേൽനോട്ടം.
അവരും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായി സംശയം ഉയർന്നിട്ടുണ്ട്. അവശേഷിക്കുന്ന ഭാഗം അടിയന്തരമായി നിർമിച്ച് യാത്രക്കാരെ അപകടത്തിൽ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

