ആലപ്പുഴ ∙ സർക്കാർ ഏറ്റെടുത്ത ഭൂമിക്കു കോടതി ഉത്തരവായ നഷ്ടപരിഹാരം നൽകാത്തതിനാൽ സർക്കാർ വകുപ്പുകളുടെ അക്കൗണ്ടുകളിൽ നിന്നു തുക പിടിച്ചെടുക്കാൻ കോടതി ഉത്തരവ്. ആലപ്പുഴ അഡീഷനൽ ജില്ലാ ജഡ്ജി എസ്.ഭാരതിയാണ് ഉത്തരവിട്ടത്.
ഓച്ചിറ– അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തിട്ടു കോടതി ഉത്തരവായ തുക, ഭൂവുടമയ്ക്കു കൈമാറിയില്ലെന്നതാണ് ഒരു കേസ്. ഇതിൽ കായംകുളം തഹസിൽദാരുടെ പേരിലുള്ള ട്രഷറി അക്കൗണ്ടാണു ജപ്തി ചെയ്യാൻ ഉത്തരവായത്. കുട്ടനാട് ശുദ്ധജല പദ്ധതിക്കായി സ്ഥലമേറ്റെടുത്തതിൽ കോടതി നിർദേശിച്ച നഷ്ടപരിഹാരം നൽകിയില്ലെന്നതാണു രണ്ടാമത്തെ കേസ്.
ഇതിൽ ജല അതോറിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നു തുക പിടിച്ചെടുക്കാനും ഉത്തരവായി. തുക നിശ്ചിത ദിവസങ്ങൾക്കുള്ളിൽ നൽകാൻ കോടതി നിർദേശിച്ചിട്ടും പാലിക്കാതെ വന്നതോടെയാണ് അക്കൗണ്ടുകളിൽനിന്നു പിടിച്ചെടുക്കാൻ ഉത്തരവിട്ടത്.
പരാതിക്കാർക്കു സർക്കാർ നൽകാനുള്ള തുക, അക്കൗണ്ടിൽനിന്നു കോടതിക്കു നൽകാൻ അതതു ബാങ്ക് മാനേജർമാർക്കാണ് ഉത്തരവ് നൽകിയത്.
ഈ തുക കോടതിയിൽ സമർപ്പിക്കുന്നതോടെ, കോടതി പരാതിക്കാർക്കു പണം നൽകും. റെയിൽവേക്കു സ്ഥലമേറ്റെടുത്തതു 2018–19ലാണ്. അന്നു തുടങ്ങിയ കേസ് ഹൈക്കോടതിയിൽ വരെയെത്തിയെങ്കിലും ജില്ലാ കോടതിയിലേക്കു മടക്കിയിരുന്നു.
തുടർന്നു കോടതി നിർദേശിച്ച സമയത്തും നഷ്ടപരിഹാരം നൽകാതെ വന്നതോടെയാണ് അക്കൗണ്ടിൽ നിന്നു കണ്ടുകെട്ടുന്നത്. മുൻപു സർക്കാർ വാഹനങ്ങൾ, ഓഫിസ് സാമഗ്രികൾ തുടങ്ങിയവ കണ്ടുകെട്ടാനാണു കോടതി ഉത്തരവിട്ടിരുന്നതെങ്കിലും നടപടിക്രമങ്ങൾ കഴിഞ്ഞു പരാതിക്കാർക്കു പണം ലഭിക്കാൻ വൈകാറുണ്ട്. അക്കൗണ്ടിൽ നിന്നു നേരിട്ടു പണം ലഭിക്കുമെന്നതിനാൽ പരാതിക്കാരന് ഇപ്പോഴത്തെ വിധി ഗുണകരമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

