ആലപ്പുഴ ∙ തിരക്കുകൾക്കിടയിൽ രമേശ് ചെന്നിത്തല പഴയ രമേശായി, സഹപാഠികളുമായി വിശേഷം പങ്കിട്ടും അവരുടെ മക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പഴയ കലാലയ ഓർമകളിലേക്ക് അവർ മടങ്ങിപ്പോയി. മണിക്കൂറുകൾ കാത്തിരുന്നതിന്റെ പരിഭവങ്ങളില്ലാതെ സഹപാഠികൾ രമേശിനെ നെഞ്ചോടുചേർത്തു.
1977-80 കാലഘട്ടത്തിൽ തിരുവനന്തപുരം ലോ കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ ഉൾപ്പെടെയുള്ളവരുടെ മിലൻ എന്ന പൂർവവിദ്യാർഥി കൂട്ടായ്മയുടെ സംഗമമാണു പുന്നമടയിലെ ഹൗസ്ബോട്ടിന് ഓർമയുടെ ചിറകുകൾ നൽകിയത്. കഴിഞ്ഞ 18 വർഷമായി മിലൻ എന്ന കൂട്ടായ്മയിലെ അംഗങ്ങൾ ഡിസംബർ രണ്ടാമത്തെ ഞായറാഴ്ച കൂടിച്ചേരാറുണ്ട്.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പു കാരണം സംഗമം ഒരാഴ്ച വൈകിയെന്നു മാത്രം.
രമേശ് ചെന്നിത്തലയും സഹപാഠികളുമായി 45 പേരും അവരുടെ കുടുംബാംഗങ്ങളും സംഗമത്തിന്റെ ഭാഗമായി. ഗിരിജ, ഹരീഷ്, ബിനുകുമാർ എന്നിവരാണ് ഇത്തരമൊരു കൂട്ടായ്മയുടെ ആശയം മുന്നോട്ടു വച്ചത്.
2008ൽ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹം കൂടി മുൻകയ്യെടുത്തതോടെ ആദ്യയോഗം നടന്നു. ആദ്യ സംഗമത്തിൽ വിട്ടുപോയ പലരെയും പിന്നീടു കണ്ടെത്തി. പൂർവവിദ്യാർഥി സംഗമം ആഹ്ലാദം പകരുന്നുണ്ടെങ്കിലും സഹപാഠികളിൽ 14 പേർ എവിടെയാണെന്ന് ഇനിയും കണ്ടെത്താനായില്ലെന്ന വിഷമം കൂട്ടായ്മയിലെ അംഗങ്ങൾക്കുണ്ട്.
എട്ടുപേർ മരണമടഞ്ഞതും വേദനയായി നിലനിൽക്കുന്നു.
ഇത്തവണ ഹൗസ്ബോട്ടിൽ നടന്ന കൂട്ടായ്മയ്ക്കു പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി മുൻ ചെയർമാൻ കെ.വി.ഗോപിക്കുട്ടൻ, മിലൻ കോഓർഡിനേറ്ററും മുൻ അസിസ്റ്റന്റ് ഇപിഎഫ്ഒയുമായ ഗിരിജകുമാരി എന്നിവർ നേതൃത്വം നൽകി. മുൻ വിജിലൻസ് ട്രൈബ്യൂണൽ ജഡ്ജി പി.സുരേഷ്, പുനലൂർ നഗരസഭ മുൻ അധ്യക്ഷൻ ഡി.സുരേഷ്, മുൻ കേരള സർവകലാശാല റജിസ്ട്രാർ ഹാഷിം, വ്യവസായി ബഷീർ, മുൻ ഫോറസ്റ്റ് കമ്മിഷണർ ജോർജ് തോമസ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ വകുപ്പു മേധാവികളായി വിരമിച്ചവരും പ്രമുഖ അഭിഭാഷകരും ഒക്കെയാണു മിലൻ കൂട്ടായ്മയിലെ അംഗങ്ങളിൽ മിക്കവരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

