അമ്പലപ്പുഴ ∙ തോട്ടപ്പള്ളി ഒറ്റപ്പന ചെമ്പകപ്പള്ളി ഹംലത്തിനെ(62) ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തനിച്ചു താമസിച്ചിരുന്ന ഹംലത്തിനെ ഞായറാഴ്ച വൈകുന്നേരമാണു വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി ഇവർ കൊല്ലപ്പെട്ടെന്നാണു പൊലീസ് നിഗമനം. എന്നാൽ ഹംലത്തിന്റെ സ്വർണവളകൾ, മോതിരം, കമ്മൽ എന്നിവ നഷ്ടപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ഇവരുടെ മൊബൈൽ ഫോൺ കാണാനില്ല.
സ്വർണാഭരണങ്ങൾ നഷ്ടപ്പെടാത്തതും മൊബൈൽ ഫോൺ കാണാനില്ലാത്തതും ദുരൂഹത വർധിപ്പിക്കുന്നു. മോഷണത്തിനു വേണ്ടിയുള്ള കലപാതകമല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
അന്വേഷണത്തിനായി അമ്പലപ്പുഴ ഇൻസ്പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന പ്രത്യേകസംഘം രൂപീകരിച്ചു. ഡിവൈഎസ്പി കെ.എൻ.രാജേഷ് മേൽനോട്ടം വഹിക്കും.
ഹംലത്തിന്റെ വീടിനു പരിസരത്തെ വീടുകളിലെയും ഒറ്റപ്പന ജമാഅത്ത് പള്ളിയോടു ചേർന്നുള്ള നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഹംലത്തിന്റെ ഫോൺ വിളി രേഖകൾ പരിശോധിക്കാനും മൊബൈൽ ഫോൺ കണ്ടെത്താനും സൈബർ സെല്ലിന്റെ സഹായം തേടി
ഹംലത്തിന്റെ ശരീരത്തിൽ മുറിവുകളില്ലെന്നും ആന്തരികാവയങ്ങൾക്കു ക്ഷതമില്ലെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.
മൃതദേഹം തോട്ടപ്പള്ളി ജമാഅത്ത് പള്ളിയിൽ കബറടക്കി. ആഹാരം കഴിച്ച് നാല് മണിക്കൂറിനു ശേഷമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രാത്രിയിൽ കഴിക്കാനായി കരുതിയിരുന്ന ആഹാരം കഴിച്ചിട്ടില്ല. ഈ സൂചനകളനുസരിച്ചാണു ശനിയാഴ്ച രാത്രിയാണു കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
തനിച്ചു താമസിക്കുന്ന ഹംലത്തിനെ ഞായറാഴ്ച പകൽ പുറത്തു കാണാത്തത്തിനെത്തുടർന്നു അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പു മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.
വീടിന്റെ പിൻവശത്തെ അടുക്കള വാതിൽ തകർന്ന നിലയിലായിരുന്നു. ഹംലത്തിന് ശത്രുക്കൾ ഉള്ളതായി പൊലീസിന് കണ്ടെത്താനായില്ല. മാതാപിതാക്കളുടെ മരണ ശേഷം തനിച്ചാണ് ഇവർ താമസിച്ചിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

