പ്രമാടമായ ഷാരോൺ രാജ് വധക്കേസ് ഉൾപ്പെടെ നിരവധി സുപ്രധാന കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ.ജെ. ജോൺസൺ അന്തരിച്ചു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാറശാലയിലെ കാമുകനായിരുന്ന ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ കഷായത്തിൽ മാരകമായ വിഷം കലർത്തി കൊലപ്പെടുത്തിയെന്ന സംഭവത്തിലെ പൊലീസിന്റെ അന്വേഷണ രീതി കോടതിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
കേസിൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനൊപ്പം കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കൃത്യമായി കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നു. ഇത് ഷാരോൺ രാജ് വധക്കേസിൽ നിർണായക വഴിത്തിരിവായി മാറുകയും ചെയ്തിരുന്നു.
2022 ഒക്ടോബർ 14 നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകിയത്. തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഷാരോൺ ഒക്ടോബർ 25 നാണ് മരണത്തിന് കീഴടങ്ങിയത്.

