എടത്വ ∙ നദിയിലൂടെയും, റോഡിലൂടെയും ഗതാഗത സംവിധാനം തടസ്സപ്പെട്ടു കിടക്കുന്നതിനാൽ തകഴി കൃഷി ഭവൻ പരിധിയിലെ തറേക്കരി പാടശേഖരത്ത് വിളഞ്ഞ നെല്ല് കൊയ്യാനാകാതെ കർഷകർ. കരുമാടി ആറ്റിൽ നിന്നും കുന്നുമ്മയിലേക്കുള്ള തോട്ടിൽ കാക്കപ്പോള, ആളുകൾ ഇറങ്ങിയാൽ താഴാത്ത നിലയിൽ തിങ്ങിനിറഞ്ഞു കിടക്കുകയാണ്.
അതിനാൽ പാടശേഖരത്തിലേക്കു വള്ളം കയറി വരുന്നതിനും, പോകുന്നതിനും കഴിയാത്ത അവസ്ഥയാണ്.
സാധാരണ ഇവിടെ കൊയ്ത്ത് യന്ത്രം എത്തിക്കുന്നതും, കൊയ്ത്തു കഴിഞ്ഞ് നെല്ല് കൊണ്ടു പോകുന്നതും ഈ തോട്ടിലൂടെയാണ്. പോള ഒഴിവാക്കാൻ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കീടനാശിനി തളിച്ച് ഉണക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.
ഇവിടെ പോള നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ പലവട്ടം കർഷകർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ല.
മുൻ കാലങ്ങളിൽ വള്ളത്തിൽ നെല്ലു ചാക്ക് നിറച്ച് കരയിൽ നിന്ന് വള്ളം വലിച്ചാണ് ആറ്റുംകര വരെ എത്തിച്ചിരുന്നത്. എന്നാൽ അമിതമായി പോള തിങ്ങിയതിനാൽ അതിനും സാധിക്കില്ല.
പിന്നെയുള്ള മാർഗം കരുമാടി ജല ശുദ്ധീകരണ ശാലയ്ക്കു കിഴക്കു വശത്തുകൂടി തറോക്കരി പാടത്തേക്കു കിടക്കുന്ന ചെറിയ റോഡാണ്.
ഈ റോഡ് സഞ്ചാര യോഗ്യമല്ലെന്നു മാത്രമല്ല ഇവിടെ ഒരു കലുങ്ക് നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ വാഹനം കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. എംഎൽഎക്ക് പലവട്ടം നിവേദനം നൽകിയിട്ടും ഉടൻ ചെയ്യാമെന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നു കർഷകർ പറയുന്നു.
റോഡ് എങ്കിലും നന്നാക്കി അപ്രോച്ച് റോഡും നിർമിച്ചാൽ ബുദ്ധിമുട്ടില്ലാതെ വിളവെടുപ്പും, നെല്ലു സംഭരണവും നടക്കും. കൊയ്ത്തിനുള്ള യന്ത്രം വരെ ബുക്കു ചെയ്ത കർഷകർക്ക് 25ന് അകം കൊയ്ത്തു പൂർത്തിയാക്കണം.
അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് ബഷീർ കണ്ണങ്കര, സെക്രട്ടറി മുഹമ്മദ് സാലി എന്നിവർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

