ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത്. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നെന്നും എന്നിട്ടു പോലും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.
ഈ സംശയത്തിനു തെളിവായി പ്രതിശ്രുത വരന് വിഷ്ണുവിന്റെ അമ്മയുടെ ഓഡിയോ സന്ദേശം പൊലീസിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസുള്ളത്.
കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ മനോവേദനയിലാണ് ഇരുപത്തിയഞ്ചുകാരിയായ മകള്‍ ജീവനൊടുക്കിയതെന്ന് അമ്മ വ്യക്തമാക്കി. അരൂര്‍ സ്വദേശിനി അനഘയും തൃശൂര്‍ സ്വദേശി വിഷ്ണുവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്.
തുടര്‍ന്ന് ഇവരുടെ പ്രണയം ഇരുവീട്ടുകാരും അംഗീകരിക്കുകയും ഔദ്യോഗികമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. നവംബറില്‍ വിവാഹം നടത്താനുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു വിഷ്ണുവിന്റെ കുടുംബം പിന്മാറുന്നതായി അറിയിച്ചത്.
ഇരുവരുടേയും ഇടയിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനഘ വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തി നേരിട്ട് സംസാരിച്ചിട്ടു പോലും യാതൊരു പ്രയോജനവുമുണ്ടായില്ല. കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ സുരക്ഷിതമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
അന്ന് രാത്രി സ്വന്തം മുറിയിൽ കയറിയ അനഘ, വീട്ടുകാർ ഉറങ്ങിയ ശേഷം ജീവനൊടുക്കുകയാണുണ്ടായത്. എന്നാല്‍ തൂങ്ങിമരിക്കാനുളള കുരുക്കിട്ട
ശേഷം അതിന്റെ വീഡിയോ അനഘ വിഷ്ണുവിന് അയച്ചു കൊടുത്തിരുന്നെന്നും, വിഷ്ണു അത് തന്റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നെന്നുമാണ് കുടുംബത്തിന്റെ പുതിയ സംശയം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും അനഘ അഭിനയിക്കുകയാണെന്ന തരത്തില്‍ വിഷ്ണുവിന്റെ അമ്മ നല്കിയ മറുപടിയാണ് കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ ശക്തമായി വിശ്വസിക്കുന്നു.
വിഷ്ണുവിന്റെ അമ്മ അയച്ചു കൊടുത്ത ഈ ഓഡിയോ സന്ദേശം മരണത്തിന് തൊട്ടുമുമ്പ് അനഘ തന്റെ അമ്മയുടെ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്ത് അയച്ചിരുന്നു. അനഘ ആത്മഹത്യ മുന്നറിയിപ്പ് നല്കിയ ഘട്ടത്തില്‍ തന്നെ വിഷ്ണു തങ്ങളെ വിളിച്ചറിയിച്ചിരുന്നെങ്കില്‍ അവള്‍ക്ക് ജീവന് തിരികെ നല്‍കാമായിരുന്നെന്ന് കുടുംബം കണ്ണീരോടെ പറയുന്നു.
എന്നാല്‍ നിലവില്‍ അസ്വാഭാവിക മരണത്തിനു മാത്രമാണ് അരൂര്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ വിഷ്ണുവിനും അമ്മയ്ക്കും എതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്.
എങ്കിലും ഓഡിയോ സന്ദേശമടക്കം ശക്തമായ തെളിവുകളുളള സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന ആവശ്യമാണ് കുടുംബം ഇപ്പോള്‍ ഉന്നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

