ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ വെച്ച് സഹപ്രവർത്തകയെ ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രമുഖ അഭിഭാഷകനായ നഥാനിയേൽ കുള്ളർട്ടൺ നിയമ സ്ഥാപനമായ വാച്ച്ടെൽ ലിപ്റ്റണിൽ നിന്ന് പുറത്തേക്ക് എന്ന് റിപ്പോർട്ട്. 45 വയസ്സുകാരനായ നഥാനിയേൽ കുള്ളർട്ടൺ 29 വയസ്സുകാരിയായ അസോസിയേറ്റ് കെൽസി ബോറെൻസ്വീഗിനെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തെ തുടർന്ന് സ്ഥാപനം ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും, ഇതിന്റെ ഭാഗമായി ആഴ്ചകളായി നഥാനിയേൽ കുള്ളർട്ടൺ അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു. സാങ്കേതികമായി വാച്ച്ടെൽ സ്ഥാപനത്തിൽ ഇപ്പോഴും ജീവനക്കാരനായി തുടരുന്നുണ്ടെങ്കിലും, അവധിക്ക് ശേഷം അദ്ദേഹം സ്ഥാപനത്തിൽ നിന്ന് പൂർണ്ണമായും വഴിപിരിയുന്ന ഘട്ടത്തിലാണ് ഉള്ളതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ സ്ഥാപനം പുറത്തുവിട്ടിട്ടില്ല.
അവധിക്കാലയളവിൽ അദ്ദേഹത്തിന് ശമ്പളം ലഭിക്കുന്നുണ്ടോ എന്ന കാര്യവും അവ്യക്തമാണ്. പ്രമുഖ വ്യവഹാര അഭിഭാഷകനായ ബിൽ സാവിറ്റ് ഉൾപ്പെടെയുള്ള മുതിർന്ന അഭിഭാഷകർക്കൊപ്പം വാച്ച്ടെൽ വിട്ട് മറ്റൊരു പ്രമുഖ നിയമ സ്ഥാപനമായ ഗിബ്സൺ ഡണ്ണിലേക്ക് ചേക്കേറാൻ കുള്ളർട്ടൺ പദ്ധതിയിട്ടിരുന്നു.
എന്നാൽ വിവാദ വീഡിയോ പുറത്തുവന്നതോടെ ഗിബ്സൺ ഡൺ അദ്ദേഹത്തെ ഒഴിവാക്കിയതായാണ് വിവരം. കഴിഞ്ഞ മാസം ഇൻഫ്ലുവൻസർ ജയ് ഗ്വാപ്പോ സെൻട്രൽ പാർക്കിലെ ബെഞ്ചിൽ വെച്ച് കുള്ളർട്ടണും ബോറെൻസ്വീഗും ഒന്നിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവത്തിന് തുടക്കമാകുന്നത്.
ഈ വിഡിയോ ഓൺലൈനിൽ അതിവേഗം പ്രചരിച്ചു. ദൃശ്യങ്ങളിൽ ഇൻഫ്ലുവൻസർ ഇവരുടെ അടുക്കൽ എത്തുന്നതും, സമീപത്ത് കുട്ടികളുള്ളതിനാൽ കൂടുതൽ സ്വകാര്യമായ സ്ഥലം കണ്ടെത്താൻ ആവശ്യപ്പെടുന്നതും കാണാം.
ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട കുള്ളർട്ടൺ അത് നിർത്തുവാൻ ആവശ്യപ്പെടുകയായിരുന്നു.
ഫോൺ പിടിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും ഇൻഫ്ലുവൻസർ ചിത്രീകരണം തുടർന്നു. വാച്ച്ടെൽ സ്ഥാപനത്തിലെ പങ്കാളിയായ കുള്ളർട്ടണും, അവിടുത്തെ വ്യവഹാര വിഭാഗം ജൂനിയർ അസോസിയേറ്റായ ബോറെൻസ്വീഗും തമ്മിലുള്ള ബന്ധവും അവരുടെ ഔദ്യോഗിക പദവിയുമാണ് ഈ സംഭവത്തെ ഏറെ ചർച്ചയാക്കിയത്.
വാച്ച്ടെല്ലിൽ ബോറെൻസ്വീഗിന്റെ നിലവിലെ തൊഴിൽ സ്ഥിതി എന്താണെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. വിൽക്കിൻസൺ സ്റ്റെക്ലോഫിലെ അഭിഭാഷകയും പങ്കാളിയുമായ മൊയ്റാ പെൻസയാണ് നഥാനിയേൽ കുള്ളർട്ടന്റെ ഭാര്യ.
മുൻപ് ഫെഡറൽ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇവർ 2016 ലാണ് വിവാഹിതരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

