ജയ്പൂർ: രാജ്യത്തിന്റെ സൗന്ദര്യമത്സര ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ നിയമവിദ്യാർഥിനി കെസിയ ലിസ് മെജോ മിസ് യൂണിവേഴ്സ് ഇന്ത്യ പദവി കരസ്ഥമാക്കി. ഫൈനൽ ഘട്ടത്തിൽ ശക്തരായ 52 മത്സരാർഥികളെ പിന്തള്ളിയാണ് ഈ അഭിമാനാർഹമായ വിജയം സ്വന്തമാക്കിയത്.
മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം ചൂടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടവും ഇതിലൂടെ കെസിയ ലിസ് മെജോ സ്വന്തം പേരിൽ കുറിച്ചു. തന്റെ ഈ തിളക്കമാർന്ന വിജയം കേരളത്തിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നതായി അവർ വ്യക്തമാക്കി.
നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന എഴുപത്തിയഞ്ചാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ ഔദ്യോഗികമായി പ്രതിനിധീകരിക്കും. “നവംബറിലെ മിസ് യൂണിവേഴ്സ് മത്സരത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്നും മിസ് യുണിവേഴ്സ് ഇന്ത്യ കിരീടം നേടാനായതിൽ ഏറെ അഭിമാനമെന്നും ശ്രമിച്ചാൽ ഏത് സ്വപ്നവും എത്തിപ്പിടിക്കാമെന്നും” വിജയാഹ്ലാദത്തിനിടയിൽ കെസിയ ലിസ് മെജോ പ്രതികരിച്ചു.
മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് ഇവർ. മത്സരത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പായപ്പോൾ, ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്ലേക്കർ സെക്കൻഡ് റണ്ണറപ്പ് സ്ഥാനം നേടി.
നിയമപഠനത്തോടൊപ്പം മോഡലിങ് രംഗത്തും സജീവമായ കെസിയ ലിസ് മെജോ, മുൻപ് മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഫസ്റ്റ് റണ്ണറപ്പായി തിളങ്ങുകയും ചെയ്തിട്ടുണ്ട്. 2024-ൽ മാത്രം സൗന്ദര്യമത്സര വേദികളിലേക്ക് കടന്നുവന്ന ഇവർ, ചുരുങ്ങിയ സമയം കൊണ്ട് മിസ് യൂണിവേഴ്സ് കേരള 2026 കിരീടവും സ്വന്തമാക്കിയിരുന്നു.
വർണ്ണ വിവേചനത്തിന്റെയും അപകർഷതാബോധത്തിന്റെയും നാളുകളെ സ്വന്തം ഇച്ഛാശക്തികൊണ്ട് മറികടന്നാണ് ഈ ചരിത്രനേട്ടത്തിലേക്ക് കെസിയ എത്തിയത്. അബുദാബിയിൽ വളർന്ന കൗമാരകാലത്ത് സമൂഹ മാധ്യമങ്ങളിലെ കടുത്ത സൗന്ദര്യ മാനദണ്ഡങ്ങൾ കാരണം സ്വന്തം ശരീരത്തെക്കുറിച്ച് വലിയ ആശങ്കകൾ അവർ വച്ചുപുലർത്തിയിരുന്നു.
ഇരുണ്ട ചർമത്തിന്റെ പേരിൽ മനംനൊന്തു കരയുകയും ഒരു ഫിൽട്ടർ പോലുമില്ലാതെ സ്വന്തം ചിത്രമെടുക്കാൻ പോലും ഭയന്നിരുന്ന ഒരു കാലഘട്ടം തനിക്ക് ഉണ്ടായിരുന്നതായി കെസിയ മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്.
വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന തെറ്റായ ധാരണയിൽ സ്വന്തം വ്യക്തിത്വം ഒളിപ്പിക്കാൻ ശ്രമിച്ചിരുന്ന മുൻകാലങ്ങളിൽ നിന്ന്, തനിക്കെതിരെയുണ്ടായ പരാജയങ്ങളെയും നിരാശകളെയും പൂർണ്ണമായും തച്ചുടച്ച് വലിയ സ്വപ്നങ്ങൾ കാണാനുള്ള അടിയുറച്ച ധൈര്യമാണ് ഇന്ന് കെസിയയെ ലോകവേദിയിലേക്ക് നയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

