ചാരുംമൂട്∙ ഒരുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസിൽ കായംകുളം നഗരസഭാ കൗൺസിലർ വീണ്ടും അറസ്റ്റിൽ. 26–ാം വാർഡിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
സ്വതന്ത്ര കൗൺസിലർ കായംകുളം ചേരാവള്ളി ആലുംമൂട്ടിൽ നുജുമുദ്ദീൻ ആലുംമൂട്ടിലിനെയാണ് (65) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കായംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ ചാരുംമൂട് ശാഖയിലൂടെ നിക്ഷേപമായും ചിട്ടിത്തുകയായും പലരിൽനിന്നായി 6 കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന കേസിൽ ഒരുമാസം മുൻപ് നുജുമുദ്ദീൻ അറസ്റ്റിലായിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങി.
നൂറനാട് പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത 9 കേസുകളിൽ 3 കേസുകളിലായിരുന്നു ആദ്യം അറസ്റ്റ് ചെയ്തത്. മറ്റ് 6 കേസുകളിൽ മുൻകൂർ ജാമ്യം തേടി ജില്ലാക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി തള്ളിയതിനെത്തുടർന്നാണ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നുജുമുദ്ദീനെ കായംകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.
മാവേലിക്കര കോടതിയിൽ ഹാജരാക്കി. കായംകുളത്തും ചാരുംമൂട്ടിലും സ്വർണക്കടകൾ നടത്തിയിരുന്ന നുജുമുദ്ദീന്റെ നേതൃത്വത്തിലാണു സഹകരണ സംഘം രൂപീകരിച്ചത്.
2020 മുതൽ 2024 വരെ സംഘത്തിന്റെ പ്രസിഡന്റായിരുന്നു നുജുമുദ്ദീൻ. സംഘത്തിന്റെ മറവിൽ ഒട്ടേറെപ്പേരിൽ നിന്നു പണം സ്വീകരിച്ച ശേഷം നിക്ഷേപത്തുക തിരിച്ചുകൊടുത്തില്ലെന്ന കേസിലാണ് നുജുമുദ്ദീനെ ഇന്നലെ വീണ്ടും അറസ്റ്റ് ചെയ്തത്.
വള്ളികുന്നം, ഭരണിക്കാവ്, പാലമേൽ, നൂറനാട്, ചുനക്കര എന്നീ ഭാഗങ്ങളിൽ നിന്നായി ദിവസ പിരിവിനത്തിൽ ശേഖരിച്ച തുകയിലാണ് ഒരുകോടി രൂപയോളം കൊടുക്കാനുള്ളത്. 12 വർഷം മുൻപ് തുടങ്ങിയ വ്യാപാരി സഹകരണ സംഘം രണ്ടുവർഷമായി പൂട്ടിയ നിലയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

