തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ അശാസ്ത്രീയമായ കാന നിർമാണവും സൈക്കിൾ യാത്രികർക്കായി നിർമിച്ച ടൈൽ പാതയും പ്രദേശത്ത് നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നു. പാതയുടെ ഇരുവശങ്ങളിലും പലയിടങ്ങളിലും കാനകൾ അശാസ്ത്രീയമായി ഉയർന്ന രീതിയിൽ നിർമിച്ചിരിക്കുന്നത് കാരണം റോഡരികിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും പ്രവേശിക്കാൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയാണ് നിലവിലുള്ളത്.
വാഹനങ്ങൾ പാതയിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായ ഭാഗങ്ങൾ അപകടമേഖലകളായി മാറിയിരിക്കുകയാണ്. റോഡ് നിരപ്പിൽ നിന്നും ഏകദേശം 3 അടിയോളം ഉയരത്തിൽ കാന നിർമിച്ചിരിക്കുന്ന കെൽട്രോൺ കവല ഇപ്പോൾ യാത്രികർക്ക് വലിയൊരു ഭീഷണിയായി മാറിയിട്ടുണ്ട്.
ദേശീയപാതയിൽ നിന്നും കെൽട്രോൺ റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ പലപ്പോഴും പിന്നിലേക്ക് ഇറങ്ങിപ്പോകേണ്ടി വരുന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. അരൂർ മുതൽ തുറവൂർ വരെയുള്ള വിവിധ ഭാഗങ്ങളിൽ കാനയുടെ അമിതമായ ഉയരം കാരണം സമാനമായ രീതിയിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്.
യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ദേശീയപാതയിലേക്ക് ഇറങ്ങുന്ന വാഹനങ്ങൾ, ഇതുവഴി അതിവേഗത്തിൽ കടന്നുപോകുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിരന്തരം അപകടങ്ങളിൽ പെടുന്ന സാഹചര്യം തുടരുകയാണ്.
ഇന്നലെ രാവിലെ 11 മണിക്ക് സ്ക്കൂട്ടർ യാത്രിക ടിപ്പർ ലോറിയുടെ അടിയിൽ പെട്ടെങ്കിലും അത്ഭുതകരമായാണ് പരുക്കേൽക്കാതെ രക്ഷപെട്ടത്. ഈ സാഹചര്യത്തിൽ കെൽട്രോൺ ജംക്ഷനിലെ റോഡിലെ ഉയരവ്യത്യാസവും മറ്റ് അശാസ്ത്രീയ നിർമാണങ്ങളും അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

