തിരുവനന്തപുരം ∙ രേഖകൾ തിരുത്തിയും വ്യാജരേഖകൾ സൃഷ്ടിച്ചും ലോട്ടറി ക്ഷേമനിധി ബോർഡിൽനിന്ന് 14 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ എൽഡി ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീതിനെയും കരാറുകാരൻ വഴുതക്കാട് സ്വദേശി അനിൽകുമാറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു.
ഇരുവരെയും ഇൗമാസം 30 വരെ റിമാൻഡ് ചെയ്തു. സംഗീതിന്റെ അനുജനും ഡെന്റൽ ഡോക്ടറുമായ കെ.സമ്പത്തിനെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
മേലുദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ടും വ്യാജരേഖകൾ സൃഷ്ടിച്ചും സംഗീത് തട്ടിയെടുത്ത പണം അനിൽകുമാറിന്റെയും സമ്പത്തിന്റെയും അക്കൗണ്ടുകളിലേക്കു മാറ്റിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇതുപയോഗിച്ച് സംഗീത് 36 തവണ ഭൂമിയിടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ 29 ഇടങ്ങളിലെ തുടർ ഇടപാടുകൾ വിജിലൻസ് മരവിപ്പിച്ചു.
2014 മുതൽ 2020 വരെ ബോർഡിൽ ഡപ്യൂട്ടേഷനിൽ പ്രവർത്തിച്ചിരുന്ന കാലയളവിലാണ് സംഗീത് തട്ടിപ്പുനടത്തിയത്. മേലുദ്യോഗസ്ഥരുടെ വിശ്വാസ്യത പിടിച്ചുപറ്റി രേഖകൾ മുഴുവൻ സംഗീതാണു കൈകാര്യം ചെയ്തിരുന്നത്. ക്ഷേമനിധി ബോർഡിൽനിന്നു ലോട്ടറി ഡയറക്ടറേറ്റിലെത്തി അവിടെയും വ്യാജരേഖ സൃഷ്ടിച്ച് പണം തട്ടിയെടുത്തു.
ഈ സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇതിനു പുറമേ, വരവിൽ കവിഞ്ഞ സ്വത്തുസമ്പാദിച്ചതിനു വിജിലൻസ് മറ്റൊരു കേസും എടുത്തു. വിജിലൻസ് അന്വേഷണം തുടങ്ങിയതോടെ കാൻസർ രോഗിയാണെന്നു തെറ്റിദ്ധരിപ്പിച്ചു. ഇതു പിടിക്കപ്പെട്ടതോടെ, മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലാണെന്നും വ്യാജ രേഖയുണ്ടാക്കി. മനോദൗർബല്യമുണ്ടെന്നു കാട്ടി പല ആശുപത്രികളിലായി മാറിമാറി കഴിയുകയായിരുന്നു സംഗീത്.
തട്ടിയെടുത്ത പണം കത്തിച്ചു കളഞ്ഞെന്നാണ് ഇന്നലെ ഇയാൾ പൊലീസിനു നൽകിയ മൊഴി. ക്ഷേമനിധി ബോർഡിൽ വിവിധ കാലയളവിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരെയും വിജിലൻസ് ചോദ്യം ചെയ്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

