ആലപ്പുഴ∙ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ചുവന്നുതുടുത്തിരുന്ന ജില്ലയുടെ തദ്ദേശഭൂപടം യുഡിഎഫ് തിരുത്തി വരച്ചു. വീണിടത്തു നിന്ന് ഉയർത്തേഴുന്നേറ്റ യുഡിഎഫിന്റെ മുന്നേറ്റത്തിൽ എൽഡിഎഫിന്റെ ഉരുക്കുകോട്ടകൾ ഉൾപ്പെടെ ഇളകിവീണു.
കൈനകരി പഞ്ചായത്ത് ഇതാദ്യമായി എൽഡിഎഫിനെ കൈവിട്ടു.
ജില്ലയിലെ 6 നഗരസഭകളിൽ അഞ്ചിലും മുന്നിലെത്തിയ യുഡിഎഫ്, പഞ്ചായത്തുകളിലും വലിയ മുന്നേറ്റം നടത്തി. പത്തോളം പഞ്ചായത്തുകൾ പിടിച്ചെടുത്തു.
ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും യുഡിഎഫിന്റെ സീറ്റ് നില രണ്ടിൽ നിന്ന് എട്ടായി ഉയർന്നു. 2 സീറ്റുകളിൽ മൂന്നുറിൽ താഴെ വോട്ടുകൾക്കാണു യുഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്.
കഴിഞ്ഞ വട്ടം ഒരു ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ഭരണം നേടിയ സ്ഥാനത്ത് ഇത്തവണ 4 ബ്ലോക്കുകളിൽ മുന്നിലെത്തി.
ഒരിടത്ത് ഒപ്പത്തിനൊപ്പവും. 23 പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ച യുഡിഫ് എട്ടിടത്ത് സമനില പിടിച്ചു.
ചെങ്കോട്ടകളിൽ വിള്ളൽ
അര നൂറ്റാണ്ടോളം ഇടതുപക്ഷം മാത്രം ഭരിച്ചിരുന്ന കൈനകരി പഞ്ചായത്തിലെ യുഡിഎഫിന്റെ ജയമാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ ഏറ്റവും വലിയ തിരിച്ചടി.
പുന്നപ്ര വെടിവയ്പു നടന്ന സമരഭൂമി ഉൾപ്പെടുന്ന പുന്നപ്ര തെക്ക് പഞ്ചായത്തിൽ 30 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് യുഡിഎഫ് വിജയിച്ചു. സിപിഎം–സിപിഐ പോരു നടന്ന രാമങ്കരി പഞ്ചായത്തിലും യുഡിഎഫ് വിജയക്കൊടി നാട്ടി.
1995 നു ശേഷം ആദ്യമായാണു യുഡിഎഫ് രാമങ്കരിയിൽ വിജയിക്കുന്നത്.
ഇടതുപക്ഷം മാത്രം ജയിച്ചിട്ടുള്ള പാലമേൽ പഞ്ചായത്തിലും 30 വർഷം എൽഡിഎഫ് ഭരിച്ച ചെറിയനാട് പഞ്ചായത്തിലും സമനില പിടിച്ചതും യുഡിഎഫിനു വിജയത്തോളം പോന്ന മധുരമായി. ആല, ആറാട്ടുപുഴ, ചമ്പക്കുളം, മുതുകുളം, എഴുപുന്ന, മുട്ടാർ, പള്ളിപ്പാട്, പുറക്കാട്, തലവടി, വീയപുരം, ചേർത്തല തെക്ക് പഞ്ചായത്തുകൾ ഇടതുപക്ഷത്തിൽ നിന്നു പിടിച്ചെടുത്തു.
നഗരസഭകളിൽ ആധിപത്യം
ആറു നഗരസഭകളിൽ മൂന്നു വീതം നേടി കഴിഞ്ഞവട്ടം ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിൽ ഇക്കുറി രണ്ടു നഗരസഭകൾ ഇടതുപക്ഷത്തിൽ നിന്നു പിടിച്ചെടുത്ത് യുഡിഎഫ് നഗരമേഖലയിൽ ആധിപത്യമുറപ്പിച്ചു.
കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയ്ക്കൊപ്പം 10 വർഷം ഇടതുപക്ഷം ഭരിച്ച കായംകുളവും പിടിച്ചെടുത്തു. കഴിഞ്ഞ വട്ടം സ്വതന്ത്രൻ ജയിച്ച മാവേലിക്കരയിൽ വ്യക്തമായ ഭൂരിപക്ഷം നേടി.
മാറ്റങ്ങൾ തുണച്ചു; തർക്കം കുറഞ്ഞു
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടുന്ന കോർ കമ്മിറ്റിയാണു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്ഥാനാർഥികളെ വാർഡ് തലത്തിൽ നിശ്ചയിക്കാനുള്ള കെപിസിസി തീരുമാനം തർക്കങ്ങൾ കുറച്ചു.
ജില്ലാ,ബ്ലോക്ക് പഞ്ചായത്തിലെ ചില ഡിവിഷനുകളിൽ മാത്രമാണ് തർക്കം നീണ്ടത്. എൽഡിഎഫ് ഭരിക്കുന്ന നഗരസഭകൾക്കെതിരെ കുറ്റപത്രം തയാറാക്കി നടത്തിയ പ്രചാരണം ഫലം കണ്ടു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും പ്രചാരണത്തിനു നേരിട്ടിറങ്ങി.
സമൂഹമാധ്യമ പ്രചാരണത്തിനു പ്രഫഷനൽ ഏജൻസികളെ നിയോഗിച്ചതിനൊപ്പം നഗരസഭകളിൽ പലവട്ടം സർവേകൾ നടത്തിയതും കെ.സിയുടെ ഇടപെടലിലായിരുന്നു. ആലപ്പുഴ മണ്ഡലത്തിൽ കെ.സി.വേണുഗോപാലും ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയും നടത്തിയ റോഡ് ഷോയും പ്രവർത്തകരിൽ ഊർജം നിറച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

