ആലപ്പുഴ ∙ മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്തതിനാൽ ദേശീയപാതയിലെ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ പുലർച്ചെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിനു മുകളിൽ വീണു ഡ്രൈവർ മരിച്ച സംഭവം ഇതിൽ ഏറ്റവും ഒടുവിലത്തേതാണ്.
∙ തൂണുകൾക്കു മുകളിലെ വി ക്യാപ് നിർമാണത്തിനു ശേഷം ഇരുമ്പ് പുറംചട്ട
നീക്കം ചെയ്യുന്നതിനിടെ തെന്നിമാറി നിർമാണത്തൊഴിലാളി മരിച്ചിരുന്നു. 2024 ഏപ്രിലിലായിരുന്നു അപകടം.
ക്രെയിനിൽ കൊളുത്തി ഉയർത്തുന്നതിനിടെ ഇരുമ്പുചട്ട തെന്നിമാറി തൊഴിലാളി തൂണിനും ഇരുമ്പു ചട്ടയ്ക്കുമിടയിൽപെട്ട് ഞെരിഞ്ഞമർന്നാണ് അപകടമുണ്ടായത്.
അശ്രദ്ധമായി ക്രെയിൻ പ്രവർത്തിപ്പിച്ചതാണ് അപകടകാരണം. ഇതേത്തുടർന്ന് മരിച്ച തൊഴിലാളിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ക്രെയിൻ കാബിൻ തല്ലിത്തകർക്കുകയും ഓപ്പറേറ്ററെ മർദിക്കുകയും ചെയ്തിരുന്നു.
∙ തുറവൂർ കവലയിൽ തൂണിനു മുകളിൽ നിന്ന് താഴെയിറക്കാൻ ശ്രമിക്കുന്നതിനിടെ ക്രെയിനിന്റെ ഇരുമ്പ് കയർ പൊട്ടി ഇരുമ്പ് സീ ബീം നിലംപതിച്ചിരുന്നു.
ഓഗസ്റ്റ് 17നായിരുന്നു അപകടം. വീഴ്ചയുടെ ആഘാതത്തിൽ പുള്ളർ ലോറികൾ തകർന്നു.
മൂന്ന് ഇരുചക്ര വാഹനങ്ങൾ കടന്നു പോയതിനു തൊട്ടു പിന്നാലെയാണ് ബീം വീണത്. ∙ കുത്തിയതോട് എൻസിസി കവലയ്ക്കു സമീപം കോൺക്രീറ്റ് കട്ട താഴെ വീണിരുന്നു.
ഈ ഭാഗത്തുകൂടി സ്കൂൾ ബസിൽ നിന്നിറങ്ങിയ കുട്ടികൾ നടന്നുപോയി മിനിറ്റുകൾക്കുള്ളിലാണു മുകൾത്തട്ടിൽ നിന്നു കോൺക്രീറ്റ് കട്ട നിലം പതിച്ചത്.
∙ ഗർഡറുകളുമായിപ്പോകുന്ന ലോറികൾ ചെളിയിൽ പുതയുന്നതും ബാരിക്കേഡുകളിലിടിച്ചു കയറുന്നതും പതിവാണ്.
ഗർഡർ അപകടം ആലപ്പുഴ ബൈപാസ് മേൽപാലത്തിലും
ദേശീയപാതയിൽ ആലപ്പുഴ ബൈപാസ് മേൽപാലം നിർമാണത്തിനായി രണ്ടു തൂണുകൾക്കിടയിൽ സ്ഥാപിച്ച 4 കോൺക്രീറ്റ് ഗർഡറുകളും തകർന്നുവീണത് ഈ വർഷം മാർച്ചിലാണ്.
നിർമാണത്തൊഴിലാളികൾ താമസിക്കുന്ന താൽക്കാലിക ഷെഡുകൾക്കു മുകളിലേക്കാണു അന്നു ഗർഡറുകൾ പതിച്ചത്. സംഭവസമയത്തു ഷെഡിനുള്ളിലും മേൽപാലത്തിനടിയിലും ആരും ഇല്ലാതിരുന്നതിനാലാണ് അന്നു വൻദുരന്തം ഒഴിവായത്.
നഷ്ടപരിഹാരം ഉറപ്പാക്കും: രമേശ് ചെന്നിത്തല
ആലപ്പുഴ ∙ അപകടത്തിൽ മരിച്ച രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം ഉറപ്പാക്കുമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ.
രാജേഷിന്റെ വീടു സന്ദർശിച്ച് കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. കുടുംബത്തിലെ ഒരാൾക്കു ജോലി നൽകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
സംസ്കാര ചടങ്ങുങ്ങൾക്കായി മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് 2 ലക്ഷം രൂപയും ദുരിതാശ്വാസനിധിയിൽനിന്ന് 4 ലക്ഷം രൂപയും നൽകാമെന്നു കലക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്.
ദേശീയപാത നിർമിക്കുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കണം.
സൂചനാ ബോർഡുകൾ വയ്ക്കണം. പൊലീസുകാരെ ഉപയോഗിച്ചു രാത്രി ഗതാഗതം നിയന്ത്രിക്കണം.
ഇല്ലെങ്കിൽ സമാന അപകടങ്ങൾക്കു സാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും
ആലപ്പുഴ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ വീണ് ഒരാൾ മരിച്ച സംഭവത്തിൽ ഉയരപ്പാത നിർമാണത്തിന്റെ ചുമതലയുള്ള ദേശീയപാത അതോറിറ്റി എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. ദേശീയപാത അതോറിറ്റി അന്വേഷണത്തിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. കരാർ കമ്പനിക്കാണു നിർമാണച്ചുമതലയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമാണം എന്നു പരിശോധിക്കേണ്ടതു ദേശീയപാത അതോറിറ്റിയുടെ ചുമതലയാണ്.
ഇതിൽ വീഴ്ചയുണ്ടായെന്നാണു പ്രാഥമിക നിഗമനം.
കലക്ടർ റിപ്പോർട്ട് നൽകി
ഗർഡർ തകർന്നുവീണ സ്ഥലം സന്ദർശിച്ച കലക്ടർ അലക്സ് വർഗീസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കു പ്രാഥമിക റിപ്പോർട്ട് നൽകി. ഗർഡർ സ്ഥാപിച്ചിരുന്ന തൂണിനു മുകളിലുള്ള ഹൈഡ്രോളിക് ജാക്കി തെന്നിമാറിയതാണു അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.
ഗതാഗതനിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ
ഹരിപ്പാട് ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡറുകൾ വീണ് അപകടമുണ്ടായ സമയത്ത് ദേശീയപാതയിൽ ഈ ഭാഗത്തു ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന് അപകടത്തിനു തൊട്ടുമുൻപ് ഇതുവഴി കടന്നുപോയ പിക്കപ് വാൻ ഡ്രൈവർ. പാലക്കാട്ടു നിന്ന് ചെന്നിത്തലയിലെ ഹാച്ചറിയിലേക്ക് മുട്ടയുമായി പള്ളിപ്പാട് പറപ്പള്ളിത്തറയിൽ ഷാജി ഇന്നലെ പുലർച്ചെയാണ് ഇതുവഴി കടന്നുപോയത്.
‘‘അതുവഴി വരുമ്പോൾ ക്രെയിൻ ഉപയോഗിച്ച് ഗർഡർ ഉയർത്തി സ്ഥാപിക്കുന്ന പണികൾ നടക്കുകയാണ്.
വാഹനങ്ങളെല്ലാം കടത്തിവിടുന്നുണ്ടായിരുന്നു. ഒരു നിയന്ത്രണവുമില്ല.
സുരക്ഷാക്രമീകരണങ്ങളുമുണ്ടായിരുന്നില്ല. ദേശീയപാതയിൽ സുരക്ഷയില്ലാതെ ഇത്തരം നിർമാണങ്ങൾ നടത്തുന്നതിനെക്കുറിച്ച് വാഹനത്തിൽ ഒപ്പമുണ്ടായിരുന്നയാളോടു സംസാരിക്കുകയും ചെയ്തു’’– ഷാജി പറയുന്നു. അപകടത്തിനു തൊട്ടുമുൻപ് കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഇതുവഴി കടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

