ഹരിപ്പാട് ∙ മണ്ണാറശാല ആയില്യ ഉത്സവത്തിനു സുരക്ഷ ശക്തമാക്കി. കായംകുളം ഡിവൈഎസ്പി ടി.ബിനുകുമാറിന്റെ നേതൃത്വത്തിൽ 6 സിഐമാരെയും 18 എസ്ഐമാരെയും 200 പൊലീസുകാരെയും ക്ഷേത്രത്തിൽ വിന്യസിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പൊലീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
ക്ഷേത്രത്തിലും പരിസരത്തും സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ പൊലീസിനെയും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
മഫ്തിയിലും പൊലീസിനെ വിന്യസിച്ചു. ഷാഡോ പൊലീസിന്റെ നിരീക്ഷണവും ഉണ്ടായിരിക്കും.
സംശയാസ്പദമായ രീതിയിൽ കാണുന്ന വാഹനങ്ങൾ പൊലീസ് പരിശോധിക്കും. ഇന്നു പുലർച്ചെ മുതൽ മണ്ണാറശാല ക്ഷേത്രം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം മുതൽ മണ്ണാറശാല ക്ഷേത്രം വരെയുള്ള റോഡ് വൺവേ ആക്കി. ഇൗ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
മണ്ണാറശാല സ്കൂൾ പരിസരത്തെ സൗജന്യ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
ദർശനത്തിന് നിയന്ത്രണം
തിരക്ക് ഒഴിവാക്കാനും സുഗമമായ ദർശനത്തിനും ഭക്തരെ 50– 60 പേരടങ്ങുന്ന ഗ്രൂപ്പായി മാത്രമേ കടത്തി വിടൂ. നിലവറയുടെ ഭാഗത്തും ഇൗ ക്രമീകരണമായിരിക്കും.
നിലവറയിൽ തൊഴുത ശേഷം വടക്ക് ഭദ്രകാളി നടവഴി മന്ദാരം റോഡിലിറങ്ങി പ്രധാന റോഡിലെത്താം. പടിഞ്ഞാറേ നടയിലെ ഗോപുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല.
പകരം പടിഞ്ഞാറേ നടയിൽ തയാറാക്കിയ ബാരിക്കേഡിനുള്ളിലൂടെ കിഴക്കേ നടയിലൂടെ വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ.
കെഎസ്ആർടിസി സ്പെഷൽ സർവീസ്
കോട്ടയം, തിരുവല്ല, പത്തനംതിട്ട, എരുമേലി, ചങ്ങനാശേരി, അടൂർ, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, മാവേലിക്കര, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നു മണ്ണാറശാലയിലേക്കു സ്പെഷൽ സർവീസുകൾ നടത്തും. ഹരിപ്പാട് ഡിപ്പോയിൽ നിന്നു പുലർച്ചെ 4 മുതൽ മണ്ണാറശാലയിലേക്കു സർവീസ് ഉണ്ടാകും.
മണ്ണാറശാല സ്പെഷൽ സർവീസിനായി മറ്റു ഡിപ്പോകളിൽ നിന്നു 18 ബസുകൾ ഹരിപ്പാട് ഡിപ്പോയ്ക്ക് നൽകിയിട്ടുള്ളതായി അധികൃതർ പറഞ്ഞു.
ഉത്സവ വേദിയിൽ ഇന്ന്
പുലർച്ചെ 5ന് ഹരിപ്പാട് സുകു നാരായണന്റെ പറകൊട്ടി പാട്ട്, 9ന് അയ്മനം കെ.എൻ. ജയചന്ദ്രന്റെ സംഗീതക്കച്ചേരി, 11.30ന് കേരള കാളിദാസ സാംസ്കാരിക വേദിയും, സർഗ ചൈതന്യ റൈറ്റേഴ്സ് ഫോറവും അവതരിപ്പിക്കുന്ന കവിയരങ്ങ്, 12.30ന് പി.പി.ചന്ദ്രന്റെ പാഠകം, 1.30ന് കേരള വർമ അക്ഷരശ്ലോക സമിതി, മഹാകവി ഉള്ളൂർ സ്മാരക സാഹിത്യ സമിതി എന്നിവരുടെ അക്ഷരശ്ലോക സദസ്സ്, 2.30ന് കലാമണ്ഡലം ജിഷ്ണു പ്രതാപിന്റെ ചാക്യാർ കൂത്ത്, വൈകിട്ട് 4ന് തൃക്കൊടിത്താനം ശ്രീവീണ ഭജൻസിന്റെ ഭജൻസ്, 5.30ന് ശിവശക്തി തിരുവാതിര സംഘത്തിന്റെ തിരുവാതിര, 6.30ന് ഉണ്ണിമായ മേനോന്റെ മോഹിനിയാട്ടം, 7.30ന് സുന്ദര നൃത്ത കലാനിലയത്തിന്റെ തിരുവാതിര, രാത്രി 8.30ന് സാരംഗ ഡാൻസ് അക്കാദമിയുടെ നൃത്തം, 9.30ന് തിരുവനന്തപുരം അക്ഷയശ്രീയുടെ പുരാണ നൃത്തനാടകം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

