എടത്വ ∙ നാടുനീളെ പൈപ്പിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കുടിക്കാൻ ഒരു തുള്ളി ശുദ്ധജലം ലഭിക്കാതെ തായങ്കരി, ചങ്ങങ്കരി നിവാസികൾ. നാലു വർഷം മുൻപ് ലക്ഷങ്ങൾ ചെലവഴിച്ച് എടത്വ തായങ്കരി റോഡിലൂടെ പൈപ്പിട്ടു. ഇന്നുവരെ അതിലൂടെ ഒരു തുള്ളി വെള്ളം ലഭിച്ചിട്ടില്ല.
ഇപ്പോൾ കേന്ദ്ര പദ്ധതി പ്രകാരം വീണ്ടും ഇടവഴികൾ വരെ പൈപ്പിടുകയാണ്. വീടുകളിലേക്ക് ഓരോ കണക്ഷനും നൽകുന്നുണ്ട്. വെള്ളം എത്തിക്കഴിഞ്ഞു കരം അടച്ചാൽ മതി എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്നാൽ എന്ന് വെള്ളം എത്തുമെന്ന് പറയുന്നുമില്ല. നീരേറ്റുപുറം ജലശുദ്ധീകരണ ശാലയോടു ചേർന്ന് പുതിയ ജലശുദ്ധീകരണ ശാല നിർമിക്കുന്നുണ്ട്.
അത് കമ്മിഷൻ ചെയ്യുന്നതോടെ വെള്ളം വിതരണം ചെയ്യുമെന്നാണ് പറയുന്നത്.
അതിന്റെ നിർമാണം എന്നു തീരുമെന്നും അറിയില്ല. എടത്വ തായങ്കരി പ്രദേശത്തേക്ക് ഇട്ടിരിക്കുന്ന പൈപ്പ് ലൈൻ മിക്ക സ്ഥലത്തും നശിച്ചു തുടങ്ങി.നാലു വർഷം മുൻപ് ട്രയൽ റൺ നടത്തിയപ്പോൾ ചങ്ങങ്കരി കൊട്ടാരം പാലത്തിന്റെ അപ്രോച്ച് റോഡിൽ ഈ ലൈനിൽ നിന്നും വെള്ളം പൊട്ടി ഒഴുകിയതോടെ നിർത്തിവച്ചതാണ്.
ഇപ്പോൾ വേളാശേരി പാലത്തിലൂടെ കടന്നു പോകുന്ന കാസ്റ്റ് അയൺ പൈപ്പിന്റെ ജോയിന്റ് ഇളകി ഏതു നിമിഷവും നദിയിൽ വീഴാമെന്ന അവസ്ഥയാണ്. ഈ പൈപ്പിലൂടെ ശുദ്ധജലം ലഭിക്കാത്തതിനാൽ പ്രദേശവാസികളായ നൂറുകണക്കിനാളുകൾ തായങ്കരിയിൽ പ്രവർത്തിക്കുന്ന കുഴൽക്കിണറിൽ നിന്നുള്ള വെള്ളം ആണ് ഉപയോഗിക്കുന്നത്.
ഇതാകട്ടെ മഞ്ഞ കലർന്ന ദുർഗന്ധം വമിക്കുന്ന വെള്ളമാണ്.
വെള്ളം ശേഖരിച്ച് മണിക്കൂറുകൾ തെളിയാൻ വച്ച ശേഷമാണ് ഉപയോഗിക്കുന്നത്. ഇതു പോലും പല സ്ഥലത്തും പൊട്ടി ഒഴുകുകയാണ്.
നദിയിലെ വെള്ളവും കിണറുകളിലെ വെള്ളവും വറ്റുന്നു. പൊട്ടിയ പൈപ്പ് ലൈൻ നന്നാക്കി ശുദ്ധജലം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകൻ ബി.
അശോകൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

