സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്ന പുതിയ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ വീണ്ടും സജീവമാകുന്നത്.
ഇതിന്റെ ഭാഗമായി കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മഴ സജീവമായിരുന്നെങ്കിലും പിന്നീട് മുന്നറിയിപ്പുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇതിനുപുറമെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
13/08/2026 പുലർച്ചെ 02.30 വരെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളിൽ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറിവരാൻ സാധ്യതയുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട
മേഖലകളിൽ കഴിയുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും മത്സ്യബന്ധന ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയിലേക്ക് അടുപ്പിക്കുന്നതും ഒരുപോലെ അപകടകരമായതിനാൽ ഈ പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും മറ്റ് പ്രവർത്തനങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

