കൈനകരി ∙ ‘എനിക്കു നേടാൻ സാധിക്കാത്ത പോയ മെഡലുകളെല്ലാം വാരിക്കൂട്ടിയാണ്’… വാക്കുകൾ പൂർത്തിയാക്കാനാകാതെയുള്ള ജീജാമോളുടെ കരച്ചിൽ കൂടെയുള്ളവരുടെയും കണ്ണുനിറച്ചു. ഭോപാലിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കയാക്കിങ് താരം കൈനകരി തോട്ടുവാത്തല പഴയാറ്റിൽ വിഷ്ണു രഘുനാഥിന്റെ (ഉണ്ണി–26) അമ്മയാണു മുൻ കയാക്കിങ് താരമായ ജീജാമോൾ.
ആലപ്പുഴ സായിയിൽ 1990ൽ വനിതകൾക്കു പരിശീലനം ആരംഭിച്ചപ്പോൾ ആദ്യ ബാച്ചിൽ ജീജാമോളും ഉണ്ടായിരുന്നു.
‘നിനക്കു നേടാൻ സാധിക്കാതെ പോയതു നിന്റെ മകൻ നിനക്കു നേടി തന്നില്ലേ എന്നു കൂട്ടുകാരികൾ പറയുമ്പോൾ അഭിമാനമായിരുന്നു. വെള്ളത്തിൽ ഇറങ്ങിയാൽ മെഡലുമായിട്ടല്ലാതെ അവൻ കരയിൽ കയറിയിട്ടില്ല..’ കയാക്കിങ് 200 മീറ്ററിലെ രാജ്യത്തെ ഒന്നാം നമ്പർ താരമായ വിഷ്ണു സർവീസസിന്റെ ഭോപാലിലെ പരിശീലന ക്യാംപിലേക്കു പോയപ്പോൾ ഭദ്രമായി സൂക്ഷിക്കാൻ ഏൽപിച്ച മെഡൽ നെഞ്ചോടു ചേർത്തു കരയുന്ന ജീജാമോളെ ആശ്വസിപ്പിക്കാൻ കൂടെയുണ്ടായിരുന്നവർ ആർക്കും സാധിച്ചില്ല.സമീപത്തായി തേങ്ങൽ ഉള്ളിലൊതുക്കി അച്ഛൻ രഘുനാഥും സഹോദരി ലക്ഷ്മിയും.
നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു വിഷ്ണു. തങ്ങളുടെ ഉണ്ണിയുടെ ഓരോ നേട്ടവും അഭിമാനത്തോടെയാണു നാട്ടുകാർ ഓർത്തെടുക്കുന്നത്.
പൊലീസിൽ സബ് ഇൻസ്പെക്ടർ റാങ്കിൽ ജോലി തേടിയെത്തിയെങ്കിലും തുഴച്ചിലിനോടുള്ള പ്രണയം നിമിത്തം നേവിയിൽ തുടരുകയായിരുന്നു.
2013 മുതൽ കയാക്കിങ് രംഗത്തു സജീവമായ വിഷ്ണു നിലവിൽ 200 മീറ്റർ കയാക്കിങ്ങിൽ രാജ്യത്തെ ഒന്നാം നമ്പർ താരമാണ്. ആലപ്പുഴ എസ്ഡിവിയിലും തിരുവല്ലം ബിഎൻവി എച്ച്എസ്എസിലുമായായിരുന്നു സ്കൂൾ പഠനം.
സ്പോർട്സ് കൗൺസിലിന്റെ വെള്ളായണി സിഎസ്എച്ചിലായിരുന്നു പരിശീലനം.2015ൽ ആലപ്പുഴയിൽ നടന്ന ദേശീയ ഗെയിംസിൽ വെള്ളി നേടിക്കൊണ്ടാണു വരവ് അറിയിച്ചത്.2017ൽ നേവി കൊച്ചി സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. നിലവിൽ നേവിയിൽ ചീഫ് പെറ്റി ഓഫിസറായിരുന്നു.
ദേശീയ മീറ്റിൽ ഒട്ടനവധി മെഡലുകൾ നേടിയിട്ടുള്ള വിഷ്ണു ജർമനിയിൽ അടുത്തിടെ നടന്ന വേൾഡ് ചാംപ്യൻഷിപ്പിലും പങ്കെടുത്തിരുന്നു.
അടുത്തു നടക്കാനിരിക്കുന്ന ദേശീയ ഗെയിംസിനുള്ള സർവീസ് ടീമിൽ സിലക്ഷൻ നേടി പരിശീലനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് അപകടം. നാട്ടിലുള്ളപ്പോൾ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൽ (പിബിസി) തുഴയാനും വിഷ്ണു സമയം കണ്ടെത്തിയിരുന്നു.
2018ൽ പായിപ്പാടൻ ചുണ്ടനിലും 2019ൽ നടുഭാഗം ചുണ്ടനിലും പള്ളാത്തുരുത്തി നെഹ്റു ട്രോഫി നേടിയപ്പോൾ തുഴച്ചിൽ താരമായി വിഷ്ണുവും ടീമിനൊപ്പം ഉണ്ടായിരുന്നു.തുടർച്ചയായുള്ള ദേശീയ, രാജ്യാന്തര മീറ്റുകളും പരിശീലനവും മൂലം തിരക്കായതിനാൽ പിബിസിക്കൊപ്പം പിന്നീട് മത്സരിക്കാൻ സാധിച്ചില്ലെങ്കിലും പിബിസിയുടെ മത്സരം കാണാൻ അവധിയുള്ള സമയങ്ങളിലെല്ലാം എത്തിയിരുന്നു.
അവധിവരെ കാത്തില്ല, അനന്തു യാത്രയായി
ആലപ്പുഴ ∙ കഠിനാധ്വാനവും അർപ്പണവുമാണ് നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ അനന്തകൃഷ്ണനെ സായിയിലെ പരിശീലനത്തിലേക്കും നാവികസേനയിലേക്കും എത്തിച്ചത്. നടന്നു പോകാൻ തന്നെ പ്രയാസമുള്ള കായലോരത്തെ ഇടവഴിയിലൂടെ സഹോദരനെയും സുഹൃത്തുക്കളെയും കൂട്ടി പുലർച്ചെ അഞ്ചരയ്ക്കു പരിശീലനത്തിനായി പുന്നമട
സായിയിലേക്കു പോകുന്ന അനന്തു നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. കഷ്ടപ്പാടുകളിൽ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന തങ്ങളുടെ പൊന്നുമോൻ ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാനാവാതെ വിതുമ്പുന്ന പിതാവ് അജിത്തിനെയും മാതാവ് രഞ്ജിനിയെയും ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും നാട്ടുകാരും.
ദിവസവും വീട്ടിലേക്ക് വിളിച്ചു വിവരങ്ങൾ അന്വേഷിക്കുമായിരുന്നു അനന്തു.
രണ്ട് മാസം മുൻപ് കൊച്ചി നാവിക സേനയിൽ പരിശീലനത്തിനെത്തിയിരുന്നു. ലീവ് കുറവായതിനാൽ വീട്ടിലേക്കു ഇപ്പോൾ വരുന്നില്ലെന്നും അടുത്ത അവധിക്കു എത്താമെന്നും വീട്ടുകാരെ അറിയിച്ചു.
കൈനകരി കുട്ടമംഗലം സ്കൂളിൽ പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശേഷമാണ് കയാക്കിങ്ങിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ നേവിയിൽ ജോലിയിൽ പ്രവേശിച്ചത്.
മൂന്ന് മാസം മുൻപാണ് നേവിയിൽ പെറ്റി ഓഫിസറായി നിയമിതനായത്. 2024ലെ കനോയിങ് – കയാക്കിങ് ദേശീയ ചാംപ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ അയ്യായിരം മീറ്റർ വിഭാഗം കനോയിങിൽ അനന്തകൃഷ്ണനായിരുന്നു ചാംപ്യൻ.
കേരളം ചരിത്രത്തിൽ ആദ്യമായാണ് ഈ വിഭാഗത്തിൽ വിജയിച്ചത്. ഈ നേട്ടമാണ് നാവികസേനയിലേക്ക് അനന്തകൃഷ്ണന് വഴിതെളിച്ചത്.
പിന്നീട് സഹോദരൻ അർജുനും പുന്നമട സായിയിൽ പരിശീലനത്തിനു ചേർന്നു.
കഠിനാധ്വാനികളായ സഹോദരങ്ങളെക്കുറിച്ചു സായിയിലെ പരിശീലകർക്കും നല്ല അഭിപ്രായമായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ പങ്കായക്കാരനായ അജിത്ത് മക്കളെ രണ്ടു പേരെയും ചെറുപ്പം മുതലേ നീന്തലും തുഴച്ചിലും പരിശീലിപ്പിച്ചിരുന്നു.
ശിക്കാര വള്ളം ഓടിച്ചാണ് അജിത്ത് ഉപജീവനം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ ഇവരുടെ വീട് മുങ്ങി കേടുപാടുകൾ സംഭവിക്കുകയും പിന്നീട് പുതുക്കിപ്പണിയുകയുമായിരുന്നു.
ഭോപാലിൽ ബൈക്ക് അപകടം; ആലപ്പുഴക്കാരായ 2 ദേശീയ തുഴച്ചിൽ താരങ്ങൾ മരിച്ചു
ആലപ്പുഴ ∙ കനോയിങ് – കയാക്കിങ് ദേശീയ താരങ്ങളും ആലപ്പുഴ സ്വദേശികളുമായ നാവികസേനാ ഉദ്യോഗസ്ഥർ ഭോപാലിൽ വാഹനാപകടത്തിൽ മരിച്ചു.
ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പിൽ വീട്ടിൽ അജിത്ത് രവി–രഞ്ജിനി ദമ്പതികളുടെ മകൻ ഐ.എ.അനന്തകൃഷ്ണൻ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ് – ജീജാമോൾ ദമ്പതികളുടെ മകൻ വിഷ്ണു രഘുനാഥ് (ഉണ്ണി – 26) എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ ഭോപാൽ–ഡൽഹി റോഡിൽ ബൈക്ക് അപകടത്തിൽ ഇരുവരും മരിച്ചു എന്നാണു നാവികസേനയിൽനിന്ന് കുടുംബങ്ങൾക്കു ലഭിച്ച വിവരം.
നാവികസേനയുടെ കനോയിങ്–കയാക്കിങ് ടീം അംഗങ്ങളായ ഇരുവരും ദേശീയ ഗെയിംസിനുള്ള സർവീസസ് ടീമിന്റെ ഭാഗമായി ഭോപാൽ ലോവർ തടാകത്തിലെ പരിശീലന ക്യാംപിലായിരുന്നു. അർധരാത്രി ഭക്ഷണം കഴിക്കാനായി സുഹൃത്തിന്റെ ബൈക്കുമായുള്ള യാത്രയിലാണ് അപകടം.
വൺവേയിൽ ഹോട്ടലിൽ എത്തുന്നതിനു മുൻപുള്ള യുടേണിൽ മീഡിയനിൽ ഇടിച്ച നിലയിലായിരുന്നു വാഹനം.
ബൈക്കിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നു മീഡിയനിൽ ഇടിച്ചു കയറിയെന്നാണ് സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചില്ല.
പൊലീസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭോപാലിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
കൊച്ചി നാവിക സേന ആസ്ഥാനത്ത് അന്തിമോപചാരം അർപ്പിച്ച ശേഷം ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴയിലെ വീടുകളിലെത്തിക്കും. അനന്തകൃഷ്ണന്റെ സംസ്കാരം ഉച്ചയ്ക്കു രണ്ടിനും വിഷ്ണുവിന്റെ സംസ്കാരം വൈകിട്ട് അഞ്ചിനു വീട്ടുവളപ്പിൽ നടക്കും.
2024ലെ കനോയിങ് – കയാക്കിങ് ദേശീയ ചാംപ്യൻഷിപ്പിൽ ജൂനിയർ പുരുഷന്മാരുടെ 5000 മീറ്റർ കനോയിങിൽ സ്വർണം നേടിയ അനന്തകൃഷ്ണൻ മൂന്ന് മാസം മുൻപാണു നേവിയിൽ പെറ്റി ഓഫിസറായി ജോലിയിൽ പ്രവേശിച്ചത്.
ഭോപാലിൽ കഴിഞ്ഞ മാസം നടന്ന ദേശീയ ജൂനിയർ കയാക്കിങ് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ വിഷ്ണു രഘുനാഥ് 9 വർഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ്. നിലവിൽ ചീഫ് പെറ്റി ഓഫിസർ.
നെഹ്റുട്രോഫി ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ തുഴച്ചിൽ താരമായിരുന്നു.ആലപ്പുഴ സായിയിലെ ദേശീയ തുഴച്ചിൽ താരവും എസ്ഡിവി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയുമായ അർജുനാണ് അനന്തകൃഷ്ണന്റെ സഹോദരൻ. വിഷ്ണുവിന്റെ സഹോദരി ലക്ഷ്മി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

