വേമ്പനാട്ടുകായലിലെ കക്ക സമ്പത്തിന്റെ നിലനിൽപ്പ് അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് കുട്ടനാട് കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്ത് തുടരുന്ന മണൽ വാരൽ കക്കകളുടെ വംശനാശത്തിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.
ഒരു കാലത്ത് പ്രതിവർഷം 40,000 ടൺ വരെ കക്ക ഉൽപാദനം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത്, നിലവിൽ അത് 25,000 ടണ്ണായി കുറഞ്ഞു. ഇതിന്റെ ആഘാതം നേരിട്ട് ബാധിക്കുന്നത് കക്ക വാരി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയാണ്.
മുമ്പ് ഇരുപതിനായിരത്തോളം പേർ ഈ മേഖലയെ ആശ്രയിച്ചിരുന്നെങ്കിൽ, നിലവിൽ അത് 6,800 ആയി ചുരുങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മൊത്തം കക്ക ഉൽപാദനത്തിന്റെ 70 ശതമാനത്തിലധികവും സംഭാവന ചെയ്യുന്ന വേമ്പനാട്ടുകായലിന്റെ അവസ്ഥ ആശങ്കാജനകമാണ്.
പ്രജനനകാലത്തെ മണൽ വാരൽ ഭീഷണിയാകുന്നു
കക്കകളുടെ പ്രജനനം നടക്കുന്ന ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കായലിൽ നിന്ന് ആഴത്തിൽ മണൽ വാരുന്നത് കക്ക സമ്പത്തിന് വൻ ഭീഷണിയാണെന്ന് പഠനം വ്യക്തമാക്കുന്നു. ദേശീയപാത നിർമാണത്തിനായി പെരുമ്പളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് യന്ത്രസഹായത്തോടെ വൻതോതിൽ മണൽ വാരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
കായലിന്റെ സംഭരണശേഷി വർധിപ്പിക്കുന്നതിനായി എക്കൽ നീക്കം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ, ഇതിനു പകരം സക്ഷൻ ഡ്രജറുകൾ ഉപയോഗിച്ച് മണൽ വാരി കരയ്ക്കിട്ടത് എക്കൽ വീണ്ടും കായലിലേക്ക് ഒഴുകിയെത്താൻ കാരണമായി.
പാരിസ്ഥിതിക ആഘാതങ്ങൾ
തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗം ലവണാംശം കൂടുതലുള്ളതും മൂവാറ്റുപുഴയാറിൽ നിന്ന് ശുദ്ധജലം എത്തുന്നതുമായതിനാൽ കക്കകളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ ‘ക്ലാംസ് ബെഡ്’ അഥവാ കക്ക ചെറ്റകൾ ഇവിടെ ധാരാളമുണ്ട്. ബണ്ടിന്റെ തെക്കുഭാഗത്തെ അപേക്ഷിച്ച് ഇവിടെ ഉൽപാദനം വളരെ കൂടുതലാണ്.
തുടർച്ചയായി മണൽ വാരുന്നത് വഴി കടൽജലം കൂടുതൽ ഉള്ളിലേക്ക് കയറുകയും ലവണാംശത്തിൽ അസ്ഥിരതയുണ്ടാകുകയും ചെയ്യും. ഇത് കക്കകളുടെ പ്രജനനത്തെ പൂർണ്ണമായും തടസ്സപ്പെടുത്തുമെന്ന് ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ മുന്നറിയിപ്പ് നൽകുന്നു.
ഈ സാഹചര്യം കക്ക സമ്പത്തിനെ മാത്രമല്ല, കുട്ടനാട്ടിലെ നെൽക്കൃഷിയെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

