കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഇടങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം. അപകടസാധ്യതയുള്ള നിർമിതികൾ അടിയന്തരമായി കണ്ടെത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.
ബൈജുനാഥ് ഉത്തരവിട്ടു. പാലക്കാട് റെയിൽവേ ഡിവിഷൻ മാനേജർക്കും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർക്കുമാണ് വിഷയത്തിൽ അടിയന്തര ഇടപെടലിന് നിർദേശം നൽകിയിരിക്കുന്നത്.
ക്ലോക്ക് ടവർ തകർന്ന സാഹചര്യങ്ങൾ, അപകടത്തിന്റെ ഉത്തരവാദിത്തം, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദേശം. ഈ കേസ് ജൂലൈ 24-ന് വെസ്റ്റ്ഹിൽ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മിഷൻ നേരിട്ട് പരിഗണിക്കും.
അപകടത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ. ബൈജുനാഥ് വ്യക്തമാക്കി.
കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ച വാർത്തകൾ ആശങ്കാജനകമാണ്. രക്ഷാപ്രവർത്തനത്തിനാവശ്യമായ മതിയായ ഉപകരണങ്ങളുടെ അഭാവം പൊതുജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്ന് കമ്മിഷൻ വിലയിരുത്തി.
സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിനു പുറമെ, പൊതുപ്രവർത്തകനായ അഡ്വ. വി.
ദേവദാസ് നൽകിയ പരാതിയും കമ്മിഷൻ പരിഗണിക്കുന്നുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പരാമർശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

