ആലപ്പുഴ ∙ ലോകപ്രശസ്ത ഫാഷൻ മേളയായ ‘മെറ്റ് ഗാല’യിൽ പരവതാനി വിരിച്ച് വീണ്ടും ‘എക്സ്ട്രാ വീവ്’. ചേർത്തലയിലെ ഈ നെയ്ത്ത് വ്യവസായ സ്ഥാപനം നിർമിച്ച പ്രകൃതിദത്ത പരവതാനികൾ ഇതു നാലാം തവണയാണു മെറ്റ് ഗാലയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്.
പൂന്തോട്ടത്തിന് ഇടയിലൂടെയുള്ള കൽപടവുകൾ എന്ന തീം ആസ്പദമാക്കിയായിരുന്നു ഇത്തവണത്തെ പരവതാനി.
മഡഗാസ്കറിൽ നിന്നുള്ള സീസൈൽ ചെടിയുടെ നാരുകൾ കൊണ്ട് 6840 ചതുരശ്ര മീറ്റർ നീളത്തിൽ എക്സ്ട്രാ വീവ് നിർമിച്ച വെള്ള പരവതാനിയാണു മെറ്റ് ഗാലയിലേക്കു തിരഞ്ഞെടുത്തത്. ഇത് 57 റോളുകളായി ന്യൂയോർക്കിലേക്കു കയറ്റി അയച്ചു.
അവിടെ പ്രശസ്ത ചിത്രകാരന്മാർ അതിൽ ഡിസൈനുകൾ വരച്ചുചേർത്തു. 480 തൊഴിലാളികൾ 90 ദിവസം കൊണ്ടാണ് ഈ പരവതാനി നിർമിച്ചതെന്ന് എക്സ്ട്രാ വീവ് ഡയറക്ടർ ശിവൻ സന്തോഷ് പറഞ്ഞു.
2022, 2023, 2025 വർഷങ്ങളിലും മെറ്റ് ഗാലയിൽ എക്സ്ട്രാ വീവ് ആണു പരവതാനി ഒരുക്കിയത്.1917ൽ ചേർത്തല ശക്തീശ്വരത്ത് ‘ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് കമ്പനി’ ആരംഭിച്ച കെ.വേലായുധന്റെ മകൻ സന്തോഷ് വേലായുധൻ 2000ൽ ആരംഭിച്ചതാണ് എക്സ്ട്രാ വീവ്.
സന്തോഷിന്റെ മകനാണ് എക്സ്ട്രാ വീവ് ഡയറക്ടർ ശിവൻ സന്തോഷ്. ഇദ്ദേഹവും ഭാര്യ നിമിഷ ശ്രീനിവാസനും ചേർന്നു ഗാർഹിക ആഡംബര പരവതാനികൾ നിർമിക്കുന്ന നെയ്ത്ത് ഹോംസും നടത്തുന്നു.
മെറ്റ് ഗാല
എല്ലാ വർഷവും മേയിലെ ആദ്യ തിങ്കളാഴ്ചയാണു ന്യൂയോർക്കിലെ മെട്രോപ്പൊലിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ മെറ്റ് ഗാല ഫാഷൻ മേള നടക്കുന്നത്.
പ്രത്യേകം ക്ഷണിക്കപ്പെട്ട സെലിബ്രിറ്റികൾക്കു മാത്രമാണു പ്രവേശനം.
ഒരു ലക്ഷം ഡോളറാണ് (ഏകദേശം 95 ലക്ഷം രൂപ) ടിക്കറ്റ് നിരക്ക്. മൊബൈൽ ഫോണോ സമൂഹ മാധ്യമങ്ങളോ അനുവദനീയമല്ല.
‘ഫാഷൻ ഈസ് ആർട്’ എന്നതാണ് ഇത്തവണത്തെ മെറ്റ് ഗാലയുടെ സന്ദേശം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

