നഗരത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 27-ന് അരങ്ങേറുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിനായുള്ള ടിക്കറ്റ് വില്‍പ്പന ഔദ്യോഗികമായി ആരംഭിച്ചു. ടിക്കറ്റ് ജീനി (Ticketgenie.in) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഇപ്പോള്‍ ആരാധകര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍, ഫിനസ് ഗ്രൂപ്പ് എം.ഡിയും കെസിഎല്‍ ചാമ്പ്യന്മാരായ തൃശൂര്‍ ടൈറ്റന്‍സ് ടീം ഉടമയുമായ സജാദ് സേഠിന് ആദ്യ ടിക്കറ്റ് കൈമാറിക്കൊണ്ട് വില്‍പ്പന ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.
ശ്രീജിത്ത് വി നായര്‍, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ടിക്കറ്റ് നിരക്കുകളുടെ വിശദാംശം:
* ഗാലറി ടിക്കറ്റുകള്‍: 650 രൂപ
* പവലിയന് ടിക്കറ്റ്: 1250 രൂപ
* പവലിയന് എ: 1800 രൂപ
* പവലിയന് ജെ: 2000 രൂപ
* എലൈറ്റ് പവലിയന്: 2500 രൂപ
* കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി: 5000 രൂപ
എല്ലാവിധ നികുതികളും ഉള്‍പ്പെടുത്തിയാണ് ഈ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിന് ടിക്കറ്റ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ അറിയിച്ചു. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ മാത്രം ടിക്കറ്റുകള്‍ വാങ്ങണമെന്ന് കെസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകള്‍ വരെയാണ് സ്വന്തമാക്കാന്‍ സാധിക്കുക. കാണികളുടെ സംശയ നിവാരണത്തിനും ടിക്കറ്റ് സംബന്ധമായ സഹായങ്ങള്‍ക്കുമായി പ്രത്യേക ബോക്സ് ഓഫീസും ഹെല്പ് ഡെസ്കും സജ്ജീകരിക്കുന്നുണ്ട്.
ഇവയുടെ പ്രവര്‍ത്തന സമയവും സ്ഥലവും പിന്നീട് അറിയിക്കും. പരിശീലനവും മത്സരക്രമവും:
വരുന്ന സെപ്റ്റംബര്‍ 23-ന് ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ തലസ്ഥാന നഗരിയില്‍ എത്തിച്ചേരും.
സെപ്റ്റംബര്‍ 24, 25 തീയതികളില്‍ ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ ഇന്ത്യന്‍ ടീമും ഇവിടെ പരിശീലനം നടത്തും. തുടര്‍ന്ന് 26-ന് ഉച്ചയ്ക്ക് 1:30 മുതല്‍ വൈകുന്നേരം 4:30 വരെ ഇന്ത്യന്‍ ടീമും, വൈകുന്നേരം 5:30 മുതല്‍ രാത്രി 8:30 വരെ വെസ്റ്റ് ഇന്‍ഡീസ് ടീമും പരിശീലനത്തിന് ഇറങ്ങും.
മത്സര ദിവസം ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്കാണ് ആദ്യ ഏകദിന പോരാട്ടത്തിന് തുടക്കമാകുന്നത്. തിരുവനന്തപുരത്തെ ആദ്യ മത്സരത്തിന് ശേഷം സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലെ ബര്‍സപര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അടുത്ത മത്സരം.
ഒക്ടോബര്‍ 3-ന് മൊഹാലി പി.സി.എ സ്റ്റേഡിയത്തിലാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണിത് എന്ന പ്രത്യേകതയുമുണ്ട്.
2018 നവംബര്‍ ഒന്നിന് നടന്ന സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഏറ്റുമുട്ടിയത്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിന്‍ഡീസ് ടീം വീണ്ടും തലസ്ഥാനത്ത് എത്തുന്നത് എന്നത് ആരാധകര്‍ക്ക് ഇരട്ടി മധുരമാകുന്നു.
2023 ജനുവരിയില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു ഇവിടെ നടന്ന അവസാന ഏകദിനം. അന്ന് വിരാട് കോലി പുറത്താകാതെ നേടിയ 166 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ 390 റണ്‍സ് അടിച്ചുകൂട്ടുകയും, മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 73 റണ്‍സിന് എറിഞ്ഞിട്ട് 317 റണ്‍സിന്റെ ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

