എടത്വ ∙ ഭക്തിയുടെ നിറച്ചാർത്തിൽ ചക്കുളത്തുകാവിലെങ്ങും പ്രാർഥനയുടെ അലയൊലികൾ. ഇന്ന് ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിക്കാനെത്തിയ ഭക്തരുടെ പ്രവാഹം ഇന്നലെ മുതൽ കാണാമായിരുന്നു .
ഇന്നലെ വൈകിട്ട് ദീപാരാധന തൊഴാനുള്ള ഭക്തരുടെ നിര ഒന്നര കിലോമീറ്റർ നീണ്ടു.വഴിയായ വഴിയെല്ലാം പൊങ്കാലയ്ക്ക് ഒരുക്കങ്ങൾ നടക്കുകയായിരുന്നു. സ്ത്രീകൾ പ്രാർഥനാ നിരതരായി നിൽക്കുന്നു. ഗണപതിയൊരുക്കിന് മുന്നിൽ കത്തിച്ച വിളക്കും അതിനു മുന്നിൽ അടയും മോദകവും എല്ലാം സജ്ജം. ശർക്കരപ്പായസം, വെള്ള നിവേദ്യം, പാൽപായസം എന്നിങ്ങനെ വിവിധ തരത്തിലാണു പൊങ്കാലയർപ്പിക്കൽ നടത്തുന്നത്. ഒട്ടേറെ ഭക്തർ ഇന്നലെ രാത്രി മുതൽ കഞ്ഞിയും പയറും തയാറാക്കി വഴിപാടായി നൽകി.
ഒട്ടേറെ സംഘടനകളാണ് സൗജന്യ ഭക്ഷണം ഒരുക്കിയിട്ടുള്ളത്.സേവാഭാരതിയുടെ നേതൃത്വത്തിൽ തലവടി വാര്യത്തു പടിക്കൽ വിപുലമായി സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. 25 വർഷമായി തിരുവനന്തപുരത്തുനിന്നും എത്തി ആയിരക്കണക്കിനു ഭക്തർക്ക് സൗജന്യ ഭക്ഷണം ഒരുക്കുന്ന ശെൽവരാജും സംഘവും ഇക്കുറിയും തലവടി പഞ്ചായത്തു ജംക്ഷനു സമീപം ഭക്ഷണം തയാറാക്കിയിട്ടുണ്ട്. ഇന്നലെ മുതൽ തന്നെ പുരുഷന്മാരെ ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിപ്പിക്കുന്നില്ല.
ഇന്ന് പൊങ്കാലച്ചടങ്ങുകൾ തീരുന്നതു വരെ ഇത് തുടരും. ഇന്നലെ മുതൽ തമിഴിലും മലയാളത്തിലും പൊങ്കാല അറിയിപ്പുകൾ നൽകുന്നുണ്ട്.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
എടത്വ ∙ പൊങ്കാല അർപ്പിക്കാൻ എത്തുന്നവർ സ്വന്തമായി അടുപ്പു തയാറാക്കണം, കലം കരുതണം, ക്ഷേത്രത്തിൽ നിന്നോ നിർദേശിച്ചിട്ടുള്ളവരിൽ നിന്നോ കൂപ്പൺ വാങ്ങണം.
അരവണപ്പായസം, വെള്ളച്ചോറ്, മോദകം,അട, കുമ്പിളപ്പം എന്നിവ നേദ്യങ്ങളായി തയാറാക്കാം. നേദ്യം തയാറാക്കേണ്ട
സാധനങ്ങൾ കഴിവതും വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവരണം. ക്ഷേത്രത്തിൽ നിന്നും നേരിട്ട് അനുവദിച്ചിട്ടുള്ള സ്റ്റാളുകളിൽ പൂജാ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കും.
പൊങ്കാലയിടേണ്ടത് പുത്തൻ ചുടുകട്ട
കൊണ്ട് അടുപ്പു കൂട്ടി പുത്തൻ കലത്തിൽ വേണം. അടുപ്പിനു മുന്നിൽ നിലവിളക്ക് കത്തിച്ച് ഗണപതിയൊരുക്കും ദക്ഷിണയും വച്ചു വേണം ആരംഭിക്കാൻ.
ഉണക്കലരി,ശർക്കര, നെയ്യ്,കദളിപ്പഴം,നാളികേരം, കൽക്കണ്ടം,ഉണക്കമുന്തിരി എന്നിവ ഉപയോഗിക്കാം. പണ്ടാര പൊങ്കാലയടുപ്പിൽ അഗ്നി പകർന്ന ശേഷമേ സ്വന്തമായുള്ള അടുപ്പിൽ അഗ്നി തെളിക്കാൻ പാടുള്ളൂ.
വിളിച്ചു ചൊല്ലി പ്രാർഥന ചൊല്ലിക്കഴിഞ്ഞു വേണം ഇത്. ഇന്ന് അഞ്ചു വരെ പൊങ്കാല നിരക്കുന്ന പാതയോരങ്ങളിൽ മത്സ്യം, മാംസം, മദ്യം എന്നിവയുടെ വിൽപന പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടർമാർ നിരോധിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

