സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
കഴിഞ്ഞ 12 വർഷം കൊണ്ട് രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പുതിയ ഉയരങ്ങളിലെത്താൻ കഠിനാധ്വാനം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. 140 കോടി ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും, ലോകം ഇന്ന് ഇന്ത്യയുടെ നേട്ടങ്ങളെ അതിശയത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെറിയ സ്വപ്നങ്ങളല്ല, മറിച്ച് വലിയ സ്വപ്നങ്ങളാണ് നാം കാണേണ്ടത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്ഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം സമ്പൂർണ്ണ വികസിത രാജ്യമായി മാറണമെന്നും, ഇതിനായി 140 കോടി ജനങ്ങളും ഒത്തൊരുമിച്ച് പ്രയത്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
രാജ്യത്ത് 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ സാധിച്ചു. ഇന്ന് ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിച്ചുയരുകയാണെന്നും ശക്തമായ ഒരു ഇന്ത്യയെയാണ് ലോകം ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഭരണകാലത്തെ സുപ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം. പ്രതിരോധ മേഖലയിലും ഡിജിറ്റൽ രംഗത്തും ഇന്ത്യ ഇതിനോടകം തന്നെ സ്വന്തം മുഖമുദ്ര പതിപ്പിച്ചു കഴിഞ്ഞു.
‘വികസിതഭാരതം’ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിനെ ആർക്കും തടയാനാവില്ല. കഴിഞ്ഞ 12 വർഷത്തിനിടെ പ്രതിരോധ ഉത്പാദനത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇലക്ട്രോണിക്സ്, മൊബൈൽ ഫോൺ നിർമ്മാണം, റെയിൽവേ കോച്ചുകളുടെ ഉത്പാദനം എന്നിവയിലെല്ലാം വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്നും ഡിജിറ്റൽ ഇടപാടുകൾ വൻതോതിൽ വർദ്ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യം ഇന്ന് പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണ്.
‘ആത്മനിർഭർ ഭാരതം’ എല്ലാ അർത്ഥത്തിലും യാഥാർത്ഥ്യമാകേണ്ടതുണ്ട്. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ട
അവസ്ഥയിൽ നിന്ന് സ്വയം പര്യാപ്തതയിലേക്ക് രാജ്യം മാറിക്കഴിഞ്ഞു. നമ്മുടെ സ്വന്തം കഴിവുകളിൽ പൂർണ്ണമായും വിശ്വസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തുന്നത്. വരാൻ പോകുന്ന എട്ട് വർഷത്തിനുള്ളിൽ കൂടുതൽ സെമികണ്ടക്ടർ പ്ലാന്റുകൾ രാജ്യത്ത് നിർമ്മിക്കുമെന്നും കഴിഞ്ഞ 12 വർഷം കൊണ്ട് ചരിത്രപരമായ വളർച്ചയാണ് രാജ്യം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിൽ ഊർജ്ജ രംഗത്ത് വിവിധ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ വികസനത്തിന് ഊർജ്ജസുരക്ഷ അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 2047ഓടെ 100 ജിഗാവാട്ട് ആണവ ഊർജ്ജം ഉത്പാദിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 5 ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബദൽ ഊർജ്ജ മാർഗങ്ങളെക്കുറിച്ച് ഗൗരവകരമായ ചിന്തകൾ നടക്കുന്നുണ്ട്.
അസംസ്കൃത എണ്ണയുടെ ഇറക്കുമതിയെ മാത്രം ആശ്രയിക്കാതെ, രാജ്യത്തിന്റെ ആഴക്കടലിൽ ഉത്പാദനം സാധ്യമാകുമോ എന്ന് പരിശോധിച്ചുവരികയാണെന്നും ഇതിനായുള്ള പുതിയ പര്യവേഷണങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

