ശബരിമല തീർത്ഥാടനം പൂർത്തിയാക്കി കാറിൽ മടങ്ങുകയായിരുന്ന കുടുംബത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. കൊട്ടാരക്കര പൊലീസാണ് ഇവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
ശരത് ചന്ദ്രൻ (39, കൊട്ടാരക്കര ചന്ദ്രവിലാസം വീട്), ഷിബിൻ (22, പുലമൺ പള്ളി വടക്കേതിൽ വീട്), പ്രണവ് (30, തൃക്കണ്ണമംഗലം ഐക്യമത്ത് വീട്), പ്രവീൺ (34, ഐക്യമത്ത് വീട്) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19ന് രാത്രി 8:30 യോടെ തൃക്കണ്ണമംഗലത്തായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ശബരിമല ദർശനത്തിന് ശേഷം സ്വന്തം വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തിന്റെ കാറിൽ പ്രതികൾ സഞ്ചരിച്ച വാഹനം മനഃപൂർവം ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോകാൻ ശ്രമിച്ച പ്രതികളുടെ നടപടി കുടുംബം ചോദ്യം ചെയ്തതാണ് സംഘത്തെ പ്രകോപിപ്പിച്ചത്.
തുടർന്ന് കാറിലുണ്ടായിരുന്ന യാത്രികരെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പരാതിക്കാരിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതായും ഗുരുതരമായ ആരോപണമുണ്ട്.
സംഭവത്തെ തുടർന്ന് ഇരകളുടെ പരാതിയിൽ കേസെടുത്ത് കൊട്ടാരക്കര പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ഗംഗാപ്രസാദ്, എസ്എച്ച്ഒ ഹേമന്ത് മോഹൻ, എഫ്.ഐ. അഭിജിത്ത്, എഎസ്ഐ.
അജു, സിവിൽ പോലീസ് ഓഫീസർമാരായ മനു കൃഷ്ണൻ, പ്രകാശ് കൃഷ്ണൻ, ബിപിൻ ഹെൻട്രി, ഉല്ലാസ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

