പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്.
ജില്ലാ വിദ്യാഭ്യാസ ഓഫിസർ (ഡിഇഒ) തസ്തിക 14 മാസമായി ഒഴിഞ്ഞുകിടക്കുന്നതാണ് വകുപ്പിന്റെ ദൈനംദിന പ്രവർത്തനങ്ങളെ താറുമാറാക്കുന്നത്. ഒരു വർഷത്തിലധികമായി പത്തനംതിട്ട
ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്കാണു (എഇഒ) ഈ തസ്തികയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. ആകെ 101 സ്കൂളുകളാണു പത്തനംതിട്ട
ഡിഇഒയ്ക്കു കീഴിലുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിൽ ഒന്നായ ഇതിനെ രണ്ടായി വിഭജിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം ഇതുവരെയും അധികൃതർ നടപ്പിലാക്കിയിട്ടില്ല.
ഓഫിസിൽ ശമ്പള ബില്ലുകൾ പാസാക്കിയിരുന്നതു പഴ്സനൽ അസിസ്റ്റന്റ് (പിഎ) ആയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പിഎ അവധിയിൽ പ്രവേശിച്ചതോടെ ശമ്പള ബില്ലുകൾ പാസാക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും ഇതുവഴി ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും ചെയ്തു.
പിഎയുടെ താൽക്കാലിക ചുമതല കൂടെ എഇഒയ്ക്കു നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അനുമതി ലഭിച്ചാൽ മാത്രമേ എഇഒയ്ക്ക് ബില്ലുകൾ പാസാക്കാൻ സാധിക്കുകയുള്ളൂ.
നിലവിൽ പത്തനംതിട്ട എഇഒയുടെ നേരിട്ടുള്ള ചുമതലയിൽ 56 എൽപി, യുപി സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
ഗവി, മൂഴിയാർ ഉൾപ്പെടെയുള്ള ദുർഘട പ്രദേശങ്ങളിലെ വിദ്യാലയങ്ങളും ഈ പരിധിയിലാണ് ഉൾപ്പെടുന്നത്.
ഇതിനുപുറമേയാണ് ഡിഇഒയുടെ ഭാരമേറിയ അധിക ചുമതലയും വന്നുചേർന്നിരിക്കുന്നത്. ഇതിന്റെ ഫലമായി മിക്ക ദിവസങ്ങളിലും രാത്രി 8 വരെ ജോലി ചെയ്യേണ്ട
ദയനീയ അവസ്ഥയിലാണ് ഉദ്യോഗസ്ഥർ ഉള്ളത്. ഒരേ ഉദ്യോഗസ്ഥന് ദീർഘകാലം ഇത്തരത്തിൽ അധിക ചുമതല നൽകുന്നത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ആറുമാസത്തിലധികം സ്ഥിരം നിയമനം വൈകിക്കാൻ പാടില്ലെന്ന വ്യവസ്ഥ ഇവിടെ ലംഘിക്കപ്പെടുന്നുവെന്നും ശക്തമായ ആക്ഷേപം ഉയരുന്നുണ്ട്.
ഇതിനിടയിൽ ജീവനക്കാർക്ക് സെൻസസ് ഡ്യൂട്ടി ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക ചുമതലകൾ കൂടി നൽകിയതോടെ അധ്യാപകരുടെ സർവീസ് സംബന്ധമായ ഫയലുകൾ, ശമ്പളാനുകൂല്യങ്ങൾ, വിവിധ ഭരണാനുമതികൾ എന്നിവയൊക്കെ കടുത്ത കാലതാമസത്തിലേക്ക് നീങ്ങുകയാണ്. ജില്ലയിലെ നൂറുകണക്കിന് വിദ്യാലയങ്ങളുടെ സുഗമമായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഈ സാഹചര്യത്തിൽ എത്രയും വേഗം സ്ഥിരം ജില്ലാ വിദ്യാഭ്യാസ ഓഫിസറെ നിയമിക്കണമെന്ന ആവശ്യം ശക്തമായിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

