ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിർമ്മാതാക്കളായ സാംസങ് തങ്ങളുടെ സർട്ടിഫൈഡ് റീ-ന്യൂഡ് ഫോണുകൾ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ വഴി വിൽപ്പനയ്ക്ക് എത്തിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന തേർഡ്-പാർട്ടി വെണ്ടർമാരുടെ റിഫർബിഷ്ഡ് ഡിവൈസുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പലപ്പോഴും ഉപഭോക്താക്കൾക്കിടയിൽ ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
സ്വന്തം വെബ്സൈറ്റുകൾക്ക് പുറമെയാണ് കമ്പനി ഇപ്പോൾ ആമസോണിലേക്കും സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ റീട്ടെയിലർ വഴി ഏഴ് മോഡലുകളിലായി 14 കോൺഫിഗറേഷനുകളാണ് ലഭ്യമാക്കുന്നത്.
ഗാലക്സി എസ്24 എഫ്ഇ (Galaxy S24 FE), എസ്24, എസ്24 പ്ലസ്, എസ്24 അൾട്രാ, ഗാലക്സി എസ്25, എസ്25 പ്ലസ്, ഗാലക്സി എസ്25 അൾട്രാ എന്നിവയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകുന്ന ഗാലക്സി എസ്26 സീരീസ് ഫോണുകൾ തൽക്കാലം ആമസോണിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ ഇതും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആമസോൺ ഉപഭോക്താക്കൾക്കായി ഗാലക്സി എസ്24, ഗാലക്സി എസ്25 സീരീസ് ഫോണുകളാണ് ഇപ്പോൾ പ്രധാനമായും ലഭ്യമാക്കിയിട്ടുള്ളത്. ഫോണുകൾ വിപണിയിൽ ഇറക്കുന്നതിന് മുൻപ് കർശനമായ പരിശോധനകൾക്കാണ് വിധേയമാക്കുന്നത്.
എന്തെങ്കിലും തകരാറുകൾ കണ്ടെത്തിയാൽ ഒറിജിനൽ പാർട്സുകൾ ഉപയോഗിച്ച് അവ പരിഹരിക്കുകയും, തുടർന്ന് 147 പോയിന്റ് ക്വാളിറ്റി പരിശോധന പൂർത്തിയാക്കുകയും ചെയ്യുന്നു. ഇതിൽ വിജയിക്കുന്ന ഫോണുകൾ പുതിയ ബോക്സ്, ആക്സസറികൾ എന്നിവയോടുകൂടിയാണ് പാക്ക് ചെയ്യുന്നത്.
കൂടാതെ, പുതിയ ഫോണുകൾക്ക് ലഭിക്കുന്നതിന് സമാനമായി ഒരു വർഷത്തെ വാറണ്ടിയും ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. കൂടാതെ, ഈ ഡിവൈസുകൾക്ക് അധിക തുക നൽകി സാംസങ് കെയർ പ്ലസ് (Samsung Care+) സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ഫോണുകൾക്ക് സംഭവിക്കുന്ന ആകസ്മികമായ കേടുപാടുകൾക്ക് പരിഹാരം കാണാൻ ഇത് ഉപകരിക്കും. വിവിധ സ്റ്റോറേജ് ശേഷികളിൽ ലഭ്യമാകുന്ന ഈ ഫോണുകൾക്ക് 489 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്.
ആമസോൺ സ്റ്റോർഫ്രണ്ട് വഴി ലഭ്യമായ മുഴുവൻ സർട്ടിഫൈഡ് റീ-ന്യൂഡ് ഫോണുകളും ഉപഭോക്താക്കൾക്ക് പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

