തിരുവനന്തപുരം നഗരത്തില്‍ കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്.സുഗതന്റെ അവധി അപേക്ഷ കോര്പറേഷന് കൗണ്‍സിൽ അംഗീകരിച്ചു. മേയര്‍ വി.വി.രാജേഷ് ആണ് കൗണ്‍സിലില്‍ അവധി അപേക്ഷ അംഗീകരിച്ച വിവരം പുറത്തുവിട്ടത്.
മേയറുടെ കാസ്റ്റിങ് വോട്ടും പൗണ്ട് കടവ് വാര്‍ഡ് സ്വതന്ത്ര കൗണ്‍സിലര്‍ സുധീഷിന്റെ വോട്ടും ഉള്‍പ്പെടെ ആകെ 51 വോട്ടുകളോടെയാണ് സുഗതന്റെ അപേക്ഷ കൗണ്‍സിൽ പാസാക്കിയത്. തുടർന്ന് സുഗതനെ ആറുമാസത്തേക്ക് കൗണ്‍സിൽ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയതായും മേയർ വ്യക്തമാക്കുകയുണ്ടായി.
2026 ജൂലൈ 2 ന് ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറും മേയര്‍ വി.വി.രാജേഷ് യോഗത്തില്‍ വായിച്ചു. സുഗതന്റെ അവധി അപേക്ഷ കൗണ്‍സിൽ വോട്ടിനിട്ട് അംഗീകരിക്കുന്നതിലൂടെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമാക്കുവാന്‍ സാധിക്കുമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൗണ്‍സിൽ യോഗത്തില്‍ പങ്കെടുക്കാനായി എസ്കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതന് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖേന സമര്‍പ്പിച്ച അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ കൗണ്‍സിൽ ഹാളില്‍ പ്രതിപക്ഷ അംഗങ്ങളുടെ മുദ്രാവാക്യം വിളികളോടെയുള്ള പ്രതിഷേധവും നടുത്തളത്തിലിറങ്ങിയുള്ള ബഹളവും അരങ്ങേറി.
1994 ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം അനുമതിയില്ലാതെ തുടര്‍ച്ചയായി മൂന്നു കൗണ്‍സിൽ യോഗങ്ങളില്‍ ഹാജരാകാതിരുന്നാല്‍ ബന്ധപ്പെട്ട അംഗം അയോഗ്യനാകും.
സുഗതന് അയോഗ്യനാകുന്ന സാഹചര്യമുണ്ടായാല്‍ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരണം നടത്തുന്ന ബിജെപിയുടെ കേവലഭൂരിപക്ഷം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ അവധി അപേക്ഷ വോട്ടെടുപ്പിലൂടെ അംഗീകരിച്ചതോടെ ബിജെപി ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കുകയാണുണ്ടായത്.
തടവറയിലായതിനാല്‍ ഔദ്യോഗിക യോഗങ്ങളില്‍ സംബന്ധിക്കാന്‍ സാധ്യമല്ലെന്നും അതിനാല്‍ അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുഗതന് മേയർക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. കൗണ്‍സിലിന്റെ അനുവാദത്തോടെ പരമാവധി 6 മാസം വരെ അവധി അനുവദിക്കാന്‍ മുനിസിപ്പാലിറ്റി നിയമത്തില്‍ വ്യവസ്ഥയുണ്ട്.
കാപ്പ നിയമനടപടികളുടെ ഭാഗമായി ജൂണ്‍ 9 നാണ് സുഗതന് അറസ്റ്റിലായത്. ഈ അറസ്റ്റിന് മുന്‍പും ശേഷവുമായും നടന്ന രണ്ട് കൗണ്‍സിൽ യോഗങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മനഃപൂര്‍വ്വം തടസ്സപ്പെടുത്താന്‍ ചിലര്‍ കാലങ്ങളായി ശ്രമിച്ചു വരികയാണെന്നും കൗണ്‍സിൽ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനാണ് അവധി അപേക്ഷയെ പിന്തുണച്ചതെന്നും പൗണ്ട് കടവ് വാര്‍ഡ് അംഗം സുധീഷ് കുമാര്‍ പ്രതികരിച്ചു. സുഗതന്റെ കുടുംബവുമായി ഈ വിഷയത്തില്‍ സംസാരിച്ചിരുന്നുവെന്നും കേസിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കൗണ്‍സിൽ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തേണ്ട
യാതൊരു സാഹചര്യവുമില്ലെന്നും സുധീഷ് വ്യക്തമാക്കി. എന്നാല്‍ ബിജെപിക്ക് നിയമങ്ങളും വകുപ്പുകളും കൃത്യമായി അറിയാത്തതുകൊണ്ടാണ് വോട്ടെടുപ്പിലൂടെ അവധി അനുവദിച്ചതെന്നും മുനിസിപ്പാലിറ്റി നിയമപ്രകാരം ഇത്തരത്തില്‍ അവധി നല്കാന് വ്യവസ്ഥകളൊന്നുമില്ലെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.എസ്.ശബരീനാഥൻ കുറ്റപ്പെടുത്തി.
സുധീഷ് യുഡിഎഫിന്റെ ഭാഗമല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും ശബരീനാഥൻ വ്യക്തമാക്കുകയുണ്ടായി. തുടര്‍ച്ചയായി മൂന്ന് കൗണ്‍സിൽ യോഗങ്ങളില്‍ പങ്കെടുക്കാത്ത സുഗതനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു കാപ്പ കേസ് പ്രതിക്ക് വോട്ടെടുപ്പിലൂടെ അവധി നൽകുന്നത് രാജ്യത്തെ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം കൗണ്‍സിലര്‍ എസ്.പി.ദീപക് ആരോപിച്ചു. മേയര്‍ ഒരു ഏകാധിപതിയെപ്പോലെയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷത്തിന് സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ മൈക്ക് ഓഫ് ചെയ്യുകയാണ് ചെയ്തതെന്നും ദീപക് കടുത്ത വിമര്‍ശനം ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

