സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാൻ ലഹരിവേട്ട ശക്തമാക്കിയ പശ്ചാത്തലത്തിൽ, കർണാടകയിൽ നിന്നും മാക്കൂട്ടം – കൂട്ടുപുഴ അതിർത്തി വഴി ലഹരിവസ്തുക്കൾ എത്തിക്കുന്ന സംഘങ്ങൾ കടത്തുതന്ത്രങ്ങളിൽ മാറ്റം വരുത്തുന്നതായി സൂചന.
അതിർത്തിയിലെ പരിശോധനകൾ സമർത്ഥമായി മറികടക്കുന്നതിനായി വാഹനങ്ങൾ മാറി ഉപയോഗിക്കുന്നതും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതുമാണ് പുതിയ രീതി. പരിശോധനകൾ ശക്തമായതോടെ സംഘത്തിലെ പ്രധാനികൾ ബെംഗളൂരു ഉൾപ്പെടെയുള്ള വൻനഗരങ്ങളിലേക്ക് കേന്ദ്രീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
കർണാടകയിൽനിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള മാരക രാസലഹരികൾ ഒഴുക്കുന്ന പശ്ചാത്തലത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിൽ പൊലീസും എക്സൈസും സംയുക്തമായി പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും ലഹരി കണ്ടെത്താനാകാത്ത സംഭവങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
കഴിഞ്ഞ ദിവസം കൂട്ടുപുഴയിൽ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് – എക്സൈസ് സംഘം പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കൾ കണ്ടെടുക്കാൻ സാധിച്ചിരുന്നില്ല. പരിശോധനയ്ക്ക് വിധേയമാക്കിയ വാഹനത്തിലുണ്ടായിരുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരം കൃത്യമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
എന്നാൽ ലഹരി കണ്ടെത്താൻ സാധിക്കാത്തത് കടത്തുസംഘങ്ങളുടെ പുത്തൻ തന്ത്രങ്ങളുടെ ഭാഗമായാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. യാത്രാവേളകളിൽ വാഹനം മാറിക്കടക്കുന്ന രീതിയും സംഘങ്ങൾ പയറ്റുന്നുണ്ടോയെന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു വാഹനം പരിശോധിക്കുന്നതിനിടെ ശ്രദ്ധ തിരിച്ച് മറ്റൊരു വാഹനത്തിൽ ലഹരി കടത്തുന്നുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. അതിർത്തി കടന്നെത്തുന്നവരെ നേരിട്ട് നിരീക്ഷിക്കുന്നതിനൊപ്പം ലഹരികടത്തിന് സഹായം നൽകുന്ന ഇടനിലക്കാരുടെ നീക്കങ്ങളും പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
പൊതുഗതാഗത സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിച്ചും ലഹരി കടത്തുന്നതായി നേരത്തെ തന്നെ അധികൃതർ കണ്ടെത്തിയിരുന്നു. നടന്നു അതിർത്തി കടന്നെത്തുന്നവരിലൂടെയും ചരക്കുലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരിലൂടെയും ലഹരി വസ്തുക്കൾ എത്തിക്കുന്നുണ്ടോ എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യ സാധനങ്ങളുമായി എത്തുന്ന വലിയ വാഹനങ്ങൾ ഓരോന്നായി വിശദമായി പരിശോധിക്കുന്നത് പ്രായോഗികമായി വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ചെറിയ പാക്കറ്റുകളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചുകൊണ്ടുവരുന്ന എംഡിഎംഎ പോലുള്ള രാസലഹരികൾ എളുപ്പത്തിൽ കണ്ടെത്തുക പ്രയാസകരമാണ്.
പരിശോധനകൾ കർശനമാക്കിയിട്ടും കടത്തുസംഘങ്ങളുടെ പുതിയ നീക്കങ്ങൾ കൃത്യമായി കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, കൂടുതൽ ആധുനികവും ശാസ്ത്രീയവുമായ പരിശോധനാ മാർഗങ്ങൾ നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസും എക്സൈസ് വകുപ്പും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

