ആലപ്പുഴ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ പ്രതീക്ഷിച്ച വേഗത്തിലല്ല മുന്നോട്ടുപോകുന്നത്. അരൂർ മുതൽ പറവൂർ വരെയുള്ള ഭാഗങ്ങളിലെ നിർമാണ പുരോഗതിയുമായി താരതമ്യം ചെയ്യുമ്പോൾ, മറുപകുതിയായ പറവൂർ – കൃഷ്ണപുരം ഭാഗത്തെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്.
നിലവിൽ ഈ മേഖലയിൽ 77 മുതൽ 78 ശതമാനം വരെ മാത്രമാണ് പണികൾ പൂർത്തിയായിട്ടുള്ളത്. 2027 അവസാനം വരെ സമയപരിധിയുണ്ടെങ്കിലും നിലവിൽ കാര്യമായ പുരോഗതിയില്ലാത്തത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
പറവൂർ – കൊറ്റുകുളങ്ങര റീച്ചിലാണ് അൽപമെങ്കിലും നിർമാണ ജോലികൾ നടക്കുന്നത്. എന്നാൽ കൊറ്റുകുളങ്ങര – കൃഷ്ണപുരം റീച്ചിലെ പ്രവൃത്തികൾ പൂർണ്ണമായും നിലച്ച മട്ടിലാണ്.
കരാർ കമ്പനികളുടെ മെല്ലെപ്പോക്ക് നയമാണ് പ്രധാനമായും നിർമാണ വേഗത കുറയ്ക്കുന്നത്. ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിന്റെ കുറവും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വലിയ വെല്ലുവിളിയാകുന്നുണ്ട്.
ഇതിനുപുറമെ, പുതിയ അടിപ്പാതകളും മേൽപാതകളും വേണമെന്ന ജനകീയ ആവശ്യങ്ങളും പണികളെ ബാധിച്ചു. തമിഴ്നാട്ടിൽ നിന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിരോധനവും നിർമാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രവൃത്തികൾ വൈകുന്ന പശ്ചാത്തലത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഈ റീച്ചുകൾക്ക് നേരത്തെ സ്ലോ പ്രോഗ്രസ് നോട്ടിസ് നൽകിയിരുന്നു. പറവൂർ – കൊറ്റുകുളങ്ങര റീച്ച്
കൊല്ലം ദേശീയപാത വിഭാഗത്തിന്റെ കീഴിലുള്ള ഈ റീച്ചിലെ നിർമാണങ്ങൾ ഇപ്പോൾ മന്ദഗതിയിലാണ് നീങ്ങുന്നത്.
77.5 ശതമാനം പണികൾ പൂർത്തിയായ ഈ ഭാഗത്തെ മുഴുവൻ നിർമാണങ്ങളും 2027 നവംബർ 30നകം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ പ്രധാന നിർമാണമായ തോട്ടപ്പള്ളി വലിയപാലം ഉൾപ്പെടെയുള്ളവ ഈ റീച്ചിലാണ് വരുന്നത്.
മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വിവിധ ഇടങ്ങളിലെ സർവീസ് റോഡുകളിൽ ബസ് സ്റ്റോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
* ദൂരം: 37.5 കിലോമീറ്റർ
* നിർമാണ പുരോഗതി: 77.5 %
* പൂർത്തീകരണ കാലയളവ്: 2027 നവംബർ
* കരാർ കമ്പനി: എസ്ഇഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ
* മേൽനോട്ടം: കൊല്ലം ദേശീയപാത വിഭാഗം
കൊറ്റുകുളങ്ങര – കൃഷ്ണപുരം (കാവനാട്) റീച്ച്
ജില്ലയിലെ ദേശീയപാത നിർമാണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ഭാഗമാണിത്. മൊത്തം 31.5 കിലോമീറ്റർ ദൂരമുള്ള ഈ റീച്ചിൽ ഭൂരിഭാഗവും കൊല്ലം ജില്ലയിലാണ് വരുന്നതെങ്കിലും, ഏകദേശം 6 കിലോമീറ്ററോളം പ്രദേശം ആലപ്പുഴയുടെ തെക്കൻ മേഖലകളിലൂടെയാണ് കടന്നുപോകുന്നത്.
കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായതോടെ ഈ ഭാഗങ്ങളിലെ പ്രവൃത്തികൾ സ്തംഭിച്ച അവസ്ഥയിലാണ്. നിലവിൽ ഈ റീച്ചിന്റെ 77.4 ശതമാനം പണികൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്.
2027 ഡിസംബറിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും കായംകുളം ഉൾപ്പെടെയുള്ള പുതുക്കുന്ന ഭാഗങ്ങൾ ഈ സമയപരിധിയിൽ ഉൾപ്പെടില്ല. പണികൾ നിലച്ചുകിടക്കുന്നതിനാൽ പലയിടത്തും മേൽപാതകളുടെ ഭാഗങ്ങളിൽ കാടുകയറിത്തുടങ്ങിയിട്ടുണ്ട്.
* ദൂരം: 31.5 കിലോമീറ്റർ (ആലപ്പുഴ ജില്ലയിൽ 5–6 കിലോമീറ്റർ)
* നിർമാണ പുരോഗതി: 77.4 %
* പൂർത്തീകരണ കാലയളവ്: 2027 ഡിസംബർ
* കരാർ കമ്പനി: വിശ്വസമുദ്ര കൺസ്ട്രക്ഷൻസ്
* മേൽനോട്ടം: കൊല്ലം ദേശീയപാത വിഭാഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

