കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ആർപ്പൂക്കരയിൽ താമസിക്കുന്ന സി.വി.ജയമോൾ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം ആശുപത്രി ഓഫിസിലെത്തി രേഖകൾ പരിശോധിച്ച വിജിലൻസ് സംഘം ഇന്നലെ സൂപ്രണ്ടിന്റെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. അനധികൃത നിയമനങ്ങൾ, മെഡിക്കൽ വിദ്യാർഥികൾക്കു പഠനം നടത്തുന്നതിനായി മൃതദേഹം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട
കഡാവർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണം, ആശുപത്രി ക്യാമ്പസിൽ പ്രവർത്തിക്കുന്ന സർക്കാരിതര ലാബുകൾ എന്നിവയാണ് പ്രധാനമായും അന്വേഷണ വിധേയമാക്കിയിരിക്കുന്നത്. 2019ൽ കഡാവർ ഫണ്ടിൽനിന്ന് എച്ച്ഡിഎസ് വഴി ഏകദേശം നാലുലക്ഷം രൂപ ചെലവഴിച്ചതായുള്ള ആരോപണവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.
കൂടാതെ, ആശുപത്രി പരിസരത്ത് പ്രവർത്തിക്കുന്ന ‘നീതി’ ഉൾപ്പെടെയുള്ള ലാബുകളുടെയും മറ്റ് കച്ചവട സ്ഥാപനങ്ങളുടെയും നിയമസാധുതയും സംഘം വിലയിരുത്തി.
നാല് അംഗങ്ങളടങ്ങിയ വിജിലൻസ് സംഘമാണ് ഈ പരിശോധനകൾക്ക് നേതൃത്വം നൽകിയത്. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം ഇതിന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.
തുടർ അന്വേഷണത്തിനായി കോടതിയുടെ ഭാഗത്തുനിന്നും നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ വിശദമായ പരിശോധനകൾ നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി (എച്ച്ഡിഎസ്) ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി നിയമനങ്ങൾ നടത്തുന്നതായും, ആശുപത്രിയിലേക്ക് മരുന്നുകൾ വാങ്ങിയതിൽ വൻ തോതിൽ ക്രമക്കേടുകൾ ഉണ്ടായതായും, ആശുപത്രി വളപ്പിൽ അനധികൃതമായി ലബോറട്ടറികളും വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സി.വി.ജയമോൾ ഹൈക്കോടതിയെ സമീപിച്ചത്.
പരാതിയിൽ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും വിജിലൻസ് അന്വേഷിക്കണമെന്നതായിരുന്നു ഹർജിക്കാരിയുടെ മുഖ്യ ആവശ്യം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവർണർ, അക്കൗണ്ടന്റ് ജനറൽ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ജിഎസ്ടി കമ്മിഷണർ, എച്ച്ഡിഎസ് ചെയർമാൻ എന്നിവർക്കും നേരത്തെ പരാതികൾ നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

