കൊട്ടിയം ∙ ദേശീയപാത 66ന്റെ നിർമാണവുമായി ബന്ധപ്പെട്ട് മൈലക്കാട്ട് നിർമാണം പൂർത്തിയാക്കിയ ഗർഡറുകളിൽ (ഭീമൻ കോൺക്രീറ്റ് ബീമുകൾ) ഒരെണ്ണത്തിൽ കൂടി വിള്ളൽ കണ്ടെത്തി. കഴിഞ്ഞ 23നാണ് ഗർഡറുകളിൽ ഒരെണ്ണം തൂണിലേക്ക് ഉയർത്തി വയ്ക്കുന്നതിന് മുൻപായി ബലപ്പെടുത്തുമ്പോൾ (പോസ്റ്റ് ടെൻഷനിങ്) പൊട്ടിത്തെറിച്ചത്.
ഇതിന് തൊട്ടടുത്തിരുന്ന മറ്റൊരു ഗർഡർ ഇന്നലെ പരിശോധിച്ചപ്പോഴാണ് അന്നത്തെ പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തിരുന്ന ഗർഡറിലും വിള്ളൽ കണ്ടെത്തിയത്. ഗർഡറിന്റെ കോൺക്രീറ്റ് ഉറച്ചതിനു ശേഷം അതിനുള്ളിലെ പൈപ്പിലൂടെ ഉയർന്ന ശേഷിയുള്ള സ്റ്റീൽ കേബിൾ വലിച്ചു മുറുക്കി കോൺക്രീറ്റ് കൂടുതൽ ബലപ്പെടുത്തുന്ന നിർമാണ രീതിയാണ് പോസ്റ്റ് ടെൻഷനിങ്.
സംഭവത്തെ തുടർന്നു ദേശീയപാത ഉദ്യോഗസ്ഥർ എത്തിയാണ് പരിശോധന നടത്തിയത്. തൂണുകളും ഗർഡറുകളും തമ്മിൽ ബന്ധിപ്പിക്കുന്ന ബെയറിങ് ശരിയാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കൂടുതൽ പരിശോധനയ്ക്കായി വിദഗ്ധരുടെ സംഘവും എത്തുന്നുണ്ട്. അവരുടെ റിപ്പോർട്ടുകൾ സമർപ്പിച്ച ശേഷമാകും കൂടുതൽ നടപടികൾ എന്ന് ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
നിർമാണം നടക്കുന്ന മേൽപാലത്തിൽ സ്ഥാപിക്കാനുള്ള ഗർഡറുകൾ തകർന്നതോടെ ദേശീയപാതയുടെ നിർമാണം ഇനിയും വൈകാനും സാധ്യതയുണ്ട്. 4 സ്പാനുകളിലായി 32 ഗർഡറുകളാണ് സ്ഥാപിക്കേണ്ടത്.
ഇതിൽ 18 എണ്ണം ഇതു വരെ സ്ഥാപിച്ചു. നിർമാണത്തിലിരിക്കുന്ന 14 എണ്ണത്തിൽ ഒരെണ്ണമാണ് തകർന്നത്.
ഇതിന് സമീപത്തിരുന്ന ഗർഡറിന് വിള്ളൽ സംഭവിച്ചിട്ടുണ്ടെങ്കിൽ രണ്ട് ഗർഡറുകൾ പുതിയതായി നിർമിക്കണം. അതിനായി ഇനിയും മൂന്ന് മാസത്തെ സമയം വേണ്ടി വരുമെന്നാണ് ദേശീയ പാത അധികൃതർ പറയുന്നത്.
നിർമാണ പ്രവൃത്തിയുടെ മുഴുവൻ ചെലവും വഹിക്കുന്നത് നിർമാണക്കമ്പനിയാണ്. ഗർഡറുകളുടെ തകർച്ചയെ തുടർന്ന് നിർമാണ പ്രവൃത്തികൾക്ക് വേഗം പോര എന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഗർഡറുകൾ തമ്മിൽ കോൺക്രീറ്റ് ചെയ്തു ബന്ധിപ്പിക്കുക (ക്രോസ് ബ്രേസിങ്), ഗർഡറുകളും തൂണുകളും ചേരുന്ന ഭാഗം ബലപ്പെടുത്തുക, ഗർഡറുകളുടെ എൻഡ് ഡയഫ്രം കോൺക്രീറ്റ് ചെയ്യുക തുടങ്ങിയവയാണ് ഇപ്പോൾ നടക്കുന്നത്. പാരിപ്പള്ളിയിൽ നിർമാണം പൂർത്തിയായ മേൽപാലത്തിന്റെ ഗർഡറിന് നേരത്തേ നേരിയ വളവ് കണ്ടെത്തിയിരുന്നു.
ഇതെത്തുടർന്ന് ഗർഡറുകൾ തമ്മിൽ സ്റ്റീൽ സ്ട്രക്ചർ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മൈലക്കാട് ഇറക്കത്തെ മണ്ണിട്ട് ഉയർത്തിയ ഭാഗം താഴ്ന്നു പോകുകയും ചാത്തന്നൂർ ഭാഗത്തേക്കുള്ള സർവീസ് റോഡും കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച ഒാടയും തോടിന്റെ സംരക്ഷണ ഭിത്തിയും തകരുകയും ചെയ്തത്.
തുടർന്ന് വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ചതുപ്പു സ്ഥലം വരുന്ന മൈലക്കാട് മണ്ണിട്ട് ഉയർത്തുന്ന പാതയ്ക്ക് പകരം തൂണുകളിൽ പാലം നിർമിക്കാൻ തീരുമാനിച്ചത്. മൈലക്കാടിന് പുറമേ മേവറം, കടവൂർ എന്നിവിടങ്ങളിലും തൂണുകളിൽ മേൽപാലം നിർമിക്കുകയാണ്.
2027 ജൂണിന് മുൻപ് ഈ മൂന്ന് മേൽപാലങ്ങളുടെയും നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമാണത്തിലെ അപാതകൾ നിരന്തരം ഉണ്ടാകുന്നത് മൂലം സമയബന്ധിതമായി ഇവ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ആശങ്ക ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

