നവീകരണം പൂർത്തിയായി അഞ്ച് ദിവസത്തിനുള്ളിൽ എംസി റോഡ് തകർന്ന നിലയിൽ. കൂത്താട്ടുകുളം കാലിക്കട്ട് കവലയ്ക്കു സമീപമാണ് ടാറിങ് പൂർണ്ണമായും തെന്നിമാറിയ നിലയിൽ കണ്ടെത്തിയത്.
പുതിയ ടാറിങ് പ്രതലത്തിൽ ഉറച്ചുനിൽക്കാത്ത സാഹചര്യമാണുള്ളത്. കൈകൊണ്ട് തൊട്ടാൽ പോലും ഇളകിപ്പോരുന്ന ദയനീയ അവസ്ഥയിലാണ് ഈ ഭാഗത്തെ റോഡ്.
ഇതിനു സമീപത്തുള്ള മറ്റ് പലയിടങ്ങളിലും മെറ്റലുകൾ ഇളകിമാറുന്ന സ്ഥിതിയുണ്ട്. സംഭവത്തെ തുടർന്ന് പിഡബ്ല്യുഡി റോഡ് പരിപാലന വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
മഴ പെയ്ത് റോഡിൽ നനവുള്ള സമയത്ത് അറ്റകുറ്റപ്പണി നടത്തിയതാകാം തകർച്ചയ്ക്ക് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. കൂടാതെ, റോഡിന്റെ ഈ ഭാഗത്തു വെച്ചാണ് തകരാറിലായ റോഡ് റോളർ ലോറിയിൽ കയറ്റിയതെന്നും, ഇതും ടാറിങ് തകരാൻ കാരണമായിട്ടുണ്ടാകാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
നിലവിൽ എംസി റോഡിൽ കുഴികൾ അടച്ചുള്ള അറ്റകുറ്റപ്പണികൾ മാത്രമാണ് നടന്നു വരുന്നത്. റോഡ് കൂടുതൽ തകർന്ന ഭാഗങ്ങൾ മാത്രമാണ് പൂർണമായി ടാർ ചെയ്യുന്നത്.
ഇത്തരത്തിൽ നവീകരിച്ച ഭാഗത്താണ് ഇപ്പോൾ ഗുരുതരമായ തകരാർ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, എംസി റോഡിലെ കുഴിയടയ്ക്കൽ പ്രവൃത്തികളിൽ വ്യാപകമായ അപാകതയുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.
റോഡിന്റെ നിരപ്പിന് അനുസരിച്ചല്ല കുഴികൾ അടയ്ക്കുന്നത്. പ്രധാന ടാറിങ് പ്രതലത്തേക്കാൾ കുഴിയടച്ച ഭാഗം ഉയർന്നുനിൽക്കുന്ന സ്ഥിതിയാണുള്ളത്.
ഇത് ഇതുവഴിയുള്ള വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വലിയ തടസ്സമാകുന്നുണ്ട്. നേരത്തെ 7 കോടി രൂപയ്ക്ക് എംസി റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി കരാർ നൽകിയിരുന്നു.
എന്നാൽ കരാർ കാലാവധി തീരും മുൻപ് തന്നെ ബന്ധപ്പെട്ട കമ്പനി പ്രവൃത്തികൾ ഉപേക്ഷിച്ചു പോവുകയായിരുന്നു.
ഈ ഫണ്ട് ഉപയോഗിക്കാതെ മറ്റൊരു ഫണ്ട് കണ്ടെത്തിയാണ് നിലവിൽ എംസി റോഡിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

