പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പൊലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ.
കാര്‍ത്തിക്ന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ സ്പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. കണ്ണൂര്‍ റേഞ്ചിന് കീഴിലുള്ള വിവിധ ജില്ലകളിലായി കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയില്‍ ആകെ 51 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
ഇതില്‍ ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കോഴിക്കോട് റൂറല്‍ പരിധിയിലാണ്. ഇവിടെ 14 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
കാസര്‍കോട് ജില്ലയില്‍ 13 കേസുകളും, കണ്ണൂര്‍ സിറ്റിയില്‍ 12 കേസുകളും, കണ്ണൂര്‍ റൂറലില്‍ 6 കേസുകളും, കോഴിക്കോട് സിറ്റിയില്‍ 5 കേസുകളും, വയനാട്ടില്‍ ഒരു കേസും ഈ പരിശോധനയുടെ ഭാഗമായി എടുത്തു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗുരുതരമായ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് നടപടി ശക്തമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം കൈമാറുന്ന വാഹന ഉടമകള്‍ക്കെതിരെയും (ആര്.സി ഓണേഴ്സ്) കടുത്ത നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും നിയമലംഘനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

