ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ നടത്തിയ കർശന വാഹന പരിശോധനയിൽ സംസ്ഥാനത്ത് നിയമം ലംഘിച്ച് വാഹനം ഓടിച്ച 55 കുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരമായിരുന്നു ഈ പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് കർശനമായി തടയുന്നതിന്റെ ഭാഗമായി കണ്ണൂർ റേഞ്ചിലെ വിവിധ പൊലീസ് ജില്ലകളിൽ ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 4 വരെയാണ് സ്പെഷൽ ഡ്രൈവ് സംഘടിപ്പിച്ചത്. കോഴിക്കോട് നഗരത്തിലും റൂറൽ ജില്ലയിലുമായി ആകെ 23 പേർക്കെതിരെയാണ് നടപടിയെടുത്തത്.
മറ്റു ജില്ലകളിലെ കണക്കുകൾ ഇങ്ങനെയാണ്: വയനാട്– 1, കണ്ണൂർ– 18, കാസർകോട്– 13 എന്നിങ്ങനെയാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. നിയമം ലംഘിച്ച കുട്ടികൾക്കെതിരെ സോഷ്യൽ ബാക് ഗ്രൗണ്ട് റിപ്പോർട്ടും (എസ്ബിആർ) രക്ഷിതാക്കൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾക്കെതിരെ എഫ്ഐആറും റജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുട്ടികളുടെ വിവരങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്കു വാഹനം ഓടിക്കാൻ നൽകുന്ന ആർസി ഉടമകൾക്കെതിരെ 25,000 രൂപ പിഴയും കർശനമായ തുടർനടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

